അച്ചടിയെ വെല്ലുന്ന കൈയെഴുത്ത്;വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ കൈയെഴുത്ത് പതിപ്പുമായി വിദ്യാര്‍ഥിനി
കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്റെ മനോഹരമായ കൈയെഴുത്ത് പ്രതി തയ്യാറാക്കി കണ്ണൂര്‍ സിറ്റി സ്വദേശിനിയായ വിദ്യാര്‍ഥിനി. കൊടപ്പറമ്പ് അല്‍ഹംദിലെ ഫാത്തിമ ശൈബയാണ് അച്ചടിയെ വെല്ലുന്ന രീതിയിലുള്ള കൈയെഴുത്തി പ്രതി ഒരുക്കിയത്. പ്രിന്റിംഗ് സാങ്കേതിക വിദ്യയ്ക്കു മുമ്പ് ഖുര്‍ആന്‍ കൈയെഴുത്തു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ കൈയെഴുത്ത് പ്രതികള്‍ നിര്‍മിക്കുന്നതിന് കാതിബാര്‍ എന്ന ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. ഒന്നിലധികം കാതീബാര്‍ ചേര്‍ന്നാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കിയിരുന്നത് . എന്നാല്‍ ഫാത്തിമ ശൈബ തനിച്ചാണ് വിശുദ്ധഗ്രന്ഥത്തിന്റെ പകര്‍പ്പ് തയ്യാറാക്കിയത്. ഒരു വര്‍ഷവും രണ്ടു മാസവുമെടുത്താണ് കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. സാധാരണ പെന്‍സിലും ഗ്ലിറ്റര്‍ പെന്‍സിലുമുപയോഗിച്ച് സ്‌കെച്ച് പേപ്പറിലാണ് കൈയെഴുത്ത് പ്രതി തയ്യാറാക്കിയത് . സാധാരണയായി ഖുര്‍ആനില്‍ നിന്നുള്ള ഭാഗങ്ങള്‍ കാലിഗ്രഫി രീതിയില്‍ എഴുതുന്നത് ലോക്ഡൗണില്‍ വ്യാപകമായിരുന്നെങ്കിലും വിശുദ്ധ ഗ്രന്ഥം മുഴുവനായി കൈകൊണ്ട് എഴുതി പൂര്‍ത്തിയാക്കുന്നത് അത്യപൂര്‍വ സംഭവമാണ്. പത്താംതരം വരെ ഒമാനില്‍ പഠിച്ച ഫാത്തിമ ശഹബ സിറ്റി ദീനുള്‍ ഇസ് ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം നിലവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയല്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ്. ഒമാന്‍ കാബൂറയിലെ പ്രവാസിയായ അബ്ദുല്‍ റഊഫ് -നാദിയ ദമ്പതികളുടെ മകളാണ്.


