നാറാത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു
Kannadiparamba online✍️
നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതോടെ നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇന്നു രാവിലെ 10.30ഓടെ നടന്ന പരിപാടിയിൽ അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. സർക്കാരിൽ നിന്നും ഘട്ടംഘട്ടമായി അനുമതി ലഭിക്കുന്നമുറയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത്കെയർ സെന്ററാക്കി മാറ്റാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആംബുലൻസ് സേവനം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും വൈകാതെ ഉണ്ടാകും, ഒട്ടേറെ കരങ്ങൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു, അത് ഇനിയും തുടരണം, നമുക്ക് ഒരു ടീമായി പ്രവർത്തിക്കണം – അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. വി ശിവദാസൻ എം.പി മുഖ്യാതിഥിയായി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്, ഡോ. പി.കെ അനിൽകുമാർ (DPM, NHM), കെ.എൻ മുസ്തഫ (ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി), കെ താഹിറ (ജില്ലാ പഞ്ചായത്ത് മെമ്പർ), എം നികേത് (കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), കാണിചന്ദ്രൻ (ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി), വി ഗിരിജ (ചെയർപേഴ്‌സൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി), കെ റഹ്മത്ത് (പഞ്ചായത്ത് മെമ്പർ), പി.കെ ജയകുമാർ (പഞ്ചായത്ത് മെമ്പർ), പി പവിത്രൻ, എൻ അശോകൻ, ഒ നാരായണൻ, ടി.സി ഗോപാലകൃഷ്ണൻ, കെ.എൻ മുകുന്ദൻ, പി.പി സുബൈർ, യു.പി മുഹമ്മദ് കുഞ്ഞി, കെ.ടി അബ്ദുൾ വഹാബ്, കെ.വി മൊയ്‌തീൻ, പി.പി സോമൻ, ടി.പി കുഞ്ഞഹമ്മദ് മാസ്റ്റർ, പി പ്രമോദ്, എ.പി അബ്ദുള്ള, പി ബാലൻ (സെക്രട്ടറി, നാറാത്ത് ഗ്രാമപഞ്ചായത്ത്) എന്നിവർ സന്നിഹിതരായി. ടി.പി ആലിക്കുട്ടി ഹാജി, എം.പി ജനാർദ്ദനൻ എന്നിവർ ആദരം ഏറ്റുവാങ്ങി. പ്രസ്തുത പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ. അഖിൽ ആർ നമ്പ്യാർ നന്ദിയും പറഞ്ഞു.

1980 മാർച്ച് 9ന് പി.എം അബൂബക്കർ ഗ്രാമീണ ഡിസ്പെൻസറിയായി ആരംഭിച്ച സ്ഥാപനം, പിന്നീട് പുതിയ കെട്ടിടങ്ങളുള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമായി രൂപാന്തരപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പതിവായി OP സേവനങ്ങൾ, ചെറിയ ശസ്ത്രക്രിയകൾ, NCD ക്ലിനിക്കുകൾ, DOTS, നെബുലൈസേഷൻ തുടങ്ങിയ സേവനങ്ങൾ ചെയ്തുവരുന്ന സ്ഥാപനത്തിൽ, രണ്ട് വർഷം മുമ്പ് 2019 സെപ്റ്റംബറിൽ സായാഹ്ന OP സേവനവും, ഏതാനും മാസങ്ങൾക്കു മുമ്പ് ലബോറട്ടറി സൗകര്യവും കൂട്ടിച്ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ആശുപ്രതിയുടെ ഒ.പി മൂന്നിരട്ടിയായി ഉയർന്നു. ഇപ്പോൾ ഇവിടെ അനുവദിച്ച മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്സിങ് ഓഫീസർമാർ, ഒരു ലാബ് ടെക്നീഷ്യൻ എന്നിവരുടെ സേവനമുണ്ട്. ഇപ്പോൾ ഇവിടെ പ്രതിദിനം 300 മുതൽ 450 രോഗികളെ വരെ പരിചരിക്കുന്നുണ്ട്.
പീഡിയാട്രിക് വാക്സിനേഷൻ ഇവിടെ നേരത്തെ അപര്യാപ്തമായിരുന്നുവെങ്കിലും ഇപ്പോൾ സമർപ്പിത വാക്സിനേഷൻ സൗകര്യം പൊതുജനാരോഗ്യ പ്രവർത്തനങ്ങളോടെയും, സമൂഹ പങ്കാളിത്തത്തോടെയും മുന്നോട്ടു കുതിക്കുന്നു. നാറാത്ത് ഗ്രാമപഞ്ചായത്തിനു കീഴിൽ ഒരു സമർപ്പിത പാലിയേറ്റിവ് ഹോം കെയർ സേവനം തന്നെ ഇവിടെയുണ്ട്.
ഇന്ന് മുതൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു കുടുംബാരോഗ്യ കേന്ദ്രമായി സ്ഥാപനം നവീകരിച്ചിരിക്കുകയാണ്. ഇതോടെ രോഗി സൗഹൃദ അന്തരീക്ഷം, സ്വീകരണം, പ്രാഥമിക – ദ്വിതീയ കാത്തിരിപ്പ് സ്ഥലങ്ങൾ, പ്രീ – ചെക്ക് – അപ്പ് ഏരിയ , പ്രത്യേക ക്യാബിനുകൾ എന്നിവയുൾപ്പെടെ ലഭ്യമാകും.
സ്ഥാപനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ചുവടുവെച്ചത് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. എൻ.എച്ച്.എമ്മിന്റെ (13 ലക്ഷം), നാറാത്ത് ഗ്രാമപഞ്ചായത്ത് (10 ലക്ഷം), കൂടാതെ സഹകരണത്തിൽ നിന്നുള്ള സംഭാവനകളും ഉണ്ടായി. ഒപ്പം നാറാത്തും പരിസരത്തുമുള്ള സ്വകാര്യ സഹകരണ സ്ഥാപനങ്ങളും പൗരന്മാരും (ഏകദേശം 3.5 ലക്ഷം) നൽകി. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡുകൾ നേടുക എന്നതാണ് സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം. അതിന് എം.ജി.പി ഫണ്ടുള്ള കെട്ടിടം, കോൺഫറൻസ് റൂം, ചെറിയ സിവിൽ വർക്കുകൾ തുടങ്ങിയവയുടെ നവീകരണം ആവശ്യമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.


