കുപ്രസിദ്ധ ജ്വല്ലറി മോഷ്ടാവ് കണ്ണൂരിൽ പിടിയിൽ; പിടിയിലായത് യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
കണ്ണൂർ: കുപ്രസിദ്ധ ജ്വല്ലറി മോഷ്ടാവ് കണ്ണൂരിൽ പൊലീസിന്റെ പിടിയിലായി. പട്ടാപ്പകൽ യുവതിയുടെ മാലപൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കുറച്ചു നാളുകളായി കണ്ണൂർ ചാലയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തമിഴ് നാട് സേലം സ്വദേശി സുബ്രഹ്മണ്യന്റെ മകൻ മഞ്ജുനാഥി (23) നെയാണ് കണ്ണൂർ എ.സി.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പഴയ ബസ് സ്റ്റാന്റിലെ ഫാൻസി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങിയ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിനി സജിതയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്രോളിങ് നടത്തുകയായിരുന്ന ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരി, ട്രാഫിക് എസ്.ഐമാരായ മനോജ്, വിനോദ്, വിജയകുമാർ എന്നിവരടങ്ങിയ സംഘം പിന്തുടർന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാലയുടെ ഒരു ഭാഗം പ്രതിയിൽ നിന്നും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ പ്രിൻസി ജ്വല്ലറി കുത്തി തുറന്ന് അഞ്ച് കിലോ സ്വർണ്ണം കവർന്ന കവർച്ചാ സംഘത്തിലുണ്ടായിരുന്ന ആളാണെന്ന് വ്യക്തമായത്. പൊലീസിന് പിടി കൊടുക്കാതെ താവളങ്ങൾ മാറി മാറി കഴിയുകയായിരുന്നു. മലപ്പുറം പുളിക്കലിലെ ജ്വല്ലറി കവർച്ചയിലും തൃശൂർ ഒല്ലൂരിലെ ജ്വല്ലറി കവർച്ച കേസിലും ഇയാൾ പ്രതിയാണ്. കതിരൂരിൽ നടന്ന ബേങ്ക് കവർച്ചയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കണ്ണൂർ എ.സി.പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


