മരഉരുപ്പടികളും വാഹനവും കവര്‍ന്ന കേസ്: ചേലേരി സ്വദേശി അറസ്റ്റില്‍
പരിയാരം: കടന്നപ്പള്ളി പാണപ്പുഴയില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനവും ഒന്നര ലക്ഷത്തിന്റെ മര ഉരുപ്പടികളും മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചേലേരിമുക്ക് സ്വദേശി പി. ആരിഫി (27) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. രൂപ മധുസൂദനന്‍ , ഗ്രേഡ് എസ്.ഐ. പുരുഷോത്തമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ അഞ്ചില്ലത്ത്, സിപിഒ സോജി എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. സംഭവശേഷം പ്രതി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കാര കച്ചേരിയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് പാണപ്പുഴയിലെ ഫര്‍ണിച്ചര്‍ വ്യാപാരി രമേശന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 13. എക്‌സ് 363 4 നമ്പര്‍ പിക് അപ്പ് വാഹനവും മര ഉരുപടികളും പ്രതികള്‍ മോഷ്ടിച്ചത്. ദിവസങ്ങളായി വാഹനത്തിലെത്തി കവര്‍ച്ച മുതല്‍ നിരീക്ഷിച്ച പ്രതികള്‍ മണിക്കുറുകള്‍ക്കുള്ളില്‍ കടത്തികൊണ്ടുപോകുകയായിരുന്നു. മോഷ്ടിച്ച വാഹനം കൂട്ടുപുഴയില്‍ നിന്നും മര ഉരുപ്പടികള്‍ മാങ്ങാട്ട് നിന്നും പോലീസ് കണ്ടെത്തി. കര്‍ണ്ണാടകയിലെ കൂര്‍ഗ്, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് വില്‍പ്പന നടത്തുകയാണ് പതിവ് രീതി. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കാണ് മോഷ്ടിച്ച മര ഉരുപ്പടികള്‍ അടങ്ങിയ പിക് അപ് വാന്‍ പ്രതികള്‍ വില്‍പ്പന നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കേസില്‍ നേരത്തെ കമ്പില്‍ സ്വദേശി നിഹാദ് (20)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. വന്‍വാഹന മോഷണ റാക്കറ്റിലെ മുഖ്യ സൂത്രധാരന്മാരാണ് പിടിയിലായവരെന്നും പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം മറ്റൊരു കൂട്ടു പ്രതിയും പോലിസിന്റെ കസ്റ്റഡിയിലായതായും ഇയാളെ ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്.


