ജൈത്രയാത്ര തുടർന്ന് കണ്ണാടിപ്പറമ്പ സ്വദേശി അനജ്; ഇത്തവണ തേടിയെത്തിയത് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്!!
കണ്ണാടിപ്പറമ്പ: മരപ്പൊടിയാൽ കാലുകൊണ്ട് പടം വരച്ച് വിസ്മയം തീർക്കുന്ന കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി അനജ് ഗ്രാമകേളിയെ ഇത്തവണ തേടിയെത്തിയത് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്. ഇരുകൈകളുടെ സഹായം പോലുമില്ലാതെ മരപ്പൊടിയാൽ കാലുകൊണ്ട് പടം വരയ്ക്കുന്ന അനജിന്റെ കഴിവ് മുമ്പ് നാടാകെ പ്രശംസിക്കപ്പെട്ടതാണ്. ‘കണ്ണാടിപ്പറമ്പ ഓൺലൈൻ’ സംഭവം വാർത്തയാക്കിയതിനു പിന്നാലെ കേരളത്തിലെ മുൻനിര ചാനലുകളടക്കം ഇതു വാർത്തയാക്കിയിരുന്നു. തുടർന്ന്, അനജിനെ തേടി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് മുതൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ പ്രശംസ വരെയെത്തി. എന്നാൽ, കഴിഞ്ഞ ദിവസമാണ് അനജിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡും കൂടിയെത്തിയത്. അഞ്ച് ലോകാത്ഭുതങ്ങൾ കാലുകൊണ്ട് വരച്ചാണ് അനജ് ഈയൊരു നേട്ടം സ്വന്തമാക്കിയത്.
കാലുകൊണ്ടുള്ള പടം വരയ്ക്കലിനു പുറമെ പെൻസിൽ ഡ്രോയിങ്, പെയിന്റിങ് എന്നിവയിലും അനജ് തീർക്കുന്ന വിസ്മയ കാഴ്ചകൾ മറ്റുള്ളവർക്ക് കൗതുകമുണർത്തുന്നതു തന്നെയാണ്. കണ്ണാടിപ്പറമ്പ ‘ഗ്രാമ കേളി’യിൽ നിന്നും അഞ്ചാം ക്ലാസ്സ് മുതൽക്കുതന്നെ അനജ് പെൻസിൽ ഡ്രോയിങ് പഠിച്ചുവരുന്നുണ്ട്. ദേശീയ സരസ്മേളയിൽ ചിത്രരചനയിൽ ഫസ്റ്റും ജില്ലാതല കേരളോത്സവത്തിൽ സെക്കന്റും നേടിയിട്ടുണ്ട് ഈ മിടുക്കൻ. കൂടാതെ, അനേകം മത്സരങ്ങളിൽ തിളക്കമാർന്ന വിജയവും കരസ്ഥമാക്കിയിട്ടുണ്ട്. അനജ് ഇതിനു മുമ്പ് മരപ്പൊടിയിൽ തന്നെ കൈകൾ കൊണ്ട് നടന്മാരായ ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ നടന്മാരുടെ പടങ്ങളും വരച്ചിട്ടുണ്ട്. പിന്നീടാണ് കൈകൾ മാറ്റി കാലുകൊണ്ട് ആയാലോ എന്നൊരു തോന്നൽ ഉണ്ടായത്. ശേഷമാണ് വീടിനുള്ളിൽ തന്നെ നടൻ ബിനീഷ് ബാസ്റ്റിന്റെ പടം കാലുകൊണ്ട് വരയ്ക്കുന്നത്. തുടർന്ന്, താരം അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, നേരിട്ടുകണ്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഈയിടെ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൂടി അഭിനന്ദനം അറിയിച്ചതോടെ അനജിന്റെ സന്തോഷം ഇരട്ടിയാവുകയായിരുന്നു. മാത്രമല്ല, അനജ് പടം കാലുകൊണ്ട് വരയ്ക്കുന്ന വീഡിയോ കണ്ട് ആസ്വദിക്കുന്ന റൊണാൾഡീഞ്ഞോയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിനു പുറമെ ഇപ്പോൾ അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി ലഭിച്ചതോടെ താൻ അതീവ സന്തുഷ്ടനാണെന്ന് അനജ് ഗ്രാമകേളി ‘കണ്ണാടിപ്പറമ്പ ഓൺലൈനി’നോടു പറഞ്ഞു. എല്ലാവരാലും തനിക്കു ലഭിക്കുന്ന പിന്തുണയാണ് ഈയൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും, അപ്രതീക്ഷിത നേട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞുവെന്നും അനജ് പറഞ്ഞു.
സഹകരണ ബാങ്ക് ജീവനക്കാരനായ ബിജു ജോണിന്റെ മരുമകനും നാറാത്ത് ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ വിദ്യാ ജോണിന്റെ മകനും കൂടിയാണ് അനജ് ഗ്രാമകേളി.


