ഇത് കണ്ണാടിപ്പറമ്പ സ്വദേശിനി ഹസീന; 7,000 ജോലിക്കാരുള്ള കമ്പനിയുടെ എം.ഡി; കമ്പനിക്കാര്യവും വീട്ടുകാര്യവും ഈ കൈകളിൽ ഭദ്രം.!
കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട 2,000 പേർക്കാണ് ഹസീന പുതുജീവൻ നൽകിയത്
ദുബായ്: ഏഴായിരത്തോളം ജോലിക്കാരും, നാന്നൂറ് ജീവനക്കാരുമുള്ള സ്ഥാപത്തിന്റെ എം.ഡിയായിരിക്കുമ്പോഴും ഗൃഹഭരണവും സമർഥമായി കൈകാര്യം ചെയ്യാൻ ഹസീനയ്ക്കറിയാം. കൊവിഡ് കാലത്തും ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ച് വിജയഗാഥകൾ രചിക്കുകയാണ് കണ്ണൂർ കണ്ണാടിപ്പറമ്പ സ്വദേശിനി ഹസീന നിഷാദ് എന്ന ഈ യുവസംരംഭക. യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസയ്ക്ക് അർഹയായ ഹസീന മൾട്ടി ടാസ്കിങിന്റെ മറുപേരാകുകയാണ്. എല്ലാത്തിനും സമയം ഉണ്ടെന്നാണ് വിജയമന്ത്രം പോലെ അവർ പറയുന്നതും. സമയം കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിലാണ് കാര്യമെന്നും അവർ പറയുന്നു.
‘വേൾഡ് സ്റ്റാർ ടെക്നിക്കൽ കോൺട്രാക്ടിങ് കമ്പനി’ എന്ന സ്ഥാപനത്തിന്റെ എം.ഡിയായിരിക്കുമ്പോഴും നാലു മക്കളുടെ പഠനക്കാര്യത്തിൽ ഉൾപ്പടെ സ്കൂളിലെ സർവ്വ ചടങ്ങുകൾക്കും പങ്കെടുക്കുന്ന നല്ല അമ്മയാകാനും ഹസീന ശ്രദ്ധിക്കുന്നു. അയ്യായിരം സ്ഥിരം ജോലിക്കാർക്കു പുറമെയാണ് രണ്ടായിരം പേർക്കു കൂടി ജോലി അവസരം നൽകുന്നത്. 200 ബസുകളുടെ വൻ നിര തന്നെയുണ്ട് ഇവിടെ. ജോലിക്കാർക്ക് ഒരു കുറവും വരാതിരിക്കാൻ എല്ലാം ശീതീകരിച്ചിട്ടുണ്ട്. അവർക്കു നല്ല താമസ സൗകര്യമൊരുക്കുന്നതിലും വീഴ്ച വരുത്തിയിട്ടില്ലെന്ന് ഹസീന ചൂണ്ടിക്കാട്ടി.

എന്നും പുലർച്ചെ നാലിന് ഉണർന്ന് തുടങ്ങുന്ന ജോലി ശീലം. 8.15ന് ഓഫീസിലേക്കു പോകും. ഉച്ച കഴിഞ്ഞ് രണ്ടരയോടെ സ്കൂൾ വിട്ട് മക്കളെത്തുന്നതിനൊപ്പം തിരികെ എത്തി അവർക്കൊപ്പം പഠനകാര്യങ്ങളിൽ സഹായിക്കുന്നു. രാത്രി ഒൻപതരയോടെ ഉറക്കത്തിലേക്ക് വീഴുന്ന കൃത്യനിഷ്ഠ. ഭാര്യയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാ തീരുമാനങ്ങൾക്കും ഉറച്ച പിന്തുണയുമായി ചെയർമാൻ നിഷാദ് ഹുസൈനും ചേരുന്നതോടെ കമ്പനിക്കാര്യം ഇവർക്ക് വീട്ടുകാര്യം പോലെ. നിഷാദിനും കഴിഞ്ഞ ദിവസം പ്രത്യേകം ഗോൾഡൻ വിസ കിട്ടി. ഷാർജ മുവൈലയിൽ ഈ ദമ്പതികളെ വിളിച്ച് പ്രത്യേകം ആദരിക്കുകയും ചെയ്തു.
കണ്ണൂരിൽ നിന്ന് ബി.കോം പഠനവും പൂർത്തിയാക്കി 2008ൽ ഭർത്താവിനൊപ്പം ഷാർജയിലെത്തിയ ഹസീന അന്നു മുതലേ കമ്പനി കാര്യങ്ങളിലും സജീവമായി പങ്കാളിയായി. അതു കൊണ്ടു തന്നെ ആദ്യമാദ്യം എല്ലാ കാര്യങ്ങളും കൈവെള്ളയിലെ രേഖകൾ പോലെ പരിചിതം. രണ്ടുപേരും ചേർന്ന് 12 സ്റ്റാഫുമായി തുടങ്ങിയ കമ്പനിയാണ് ഇന്ന് വളർച്ചയുടെ പാതയിൽ സുവർണ്ണനേട്ടങ്ങൾ കൊയ്യുന്നത്. യു.എ.ഇയിലെ എണ്ണം പറഞ്ഞ നിർമ്മിതികളിലിലെല്ലാം ഗോൾഡ് സ്റ്റാറിന്റെ തൊഴിലാളികളുടെ പ്രയത്നം അലിഞ്ഞു ചേർന്നിട്ടുണ്ട്. ഷെയ്ഖ് സായിദ് മോസ്ക്, ദുബായ് മാൾ, ദുബായ് ട്രാം, എത്തിഹാദ് റെയിൽ, അബുദാബി മാൾ, ഷെയ്ഖ് സായിദ് മ്യൂസിയം, ലുവ്രെ മ്യൂസിയം, യാസ് ഐലൻഡ്, എക്സ്പോ കേന്ദ്രം ഇങ്ങനെ നീളുന്ന ആ പട്ടിക. 2019ൽ കെ.എം.സി.സിയുടെ മികച്ച വനിതാസംരംഭകയ്ക്കുള്ള അവാർഡും ഹസീനയ്ക്കു ലഭിച്ചിരുന്നു.
● തുടക്കക്കാർ ഇപ്പോഴും
തുടക്കക്കാരായ പന്ത്രണ്ടു പേരിൽ പത്തു പേരും ഇപ്പോഴും കമ്പനിക്കൊപ്പം ഉണ്ടെന്നതു തന്നെ കമ്പനിയുടെ സൗഹൃദാന്തരീക്ഷത്തിന്റെ ഏറ്റവും വലിയ തെളിവായി ചൂണ്ടിക്കാട്ടുന്നു. അവരിൽ ഒരാൾ ഹെൽപറായി വന്ന് പി.ആർ.ഒ മാനേജർ പദവിയിലായി. സെയിൽസ്മാൻ, ട്രാൻസ്പോർട് കോ-ഓർഡിനേറ്റർ തുടങ്ങി വിവിധ പദവികളിലുണ്ട്. ഷാർജ കാലിക്കട്ട് നോട്ട് ബുക്കിനു സമീപം തുടങ്ങിയ ആദ്യ ഓഫീസും ഇപ്പോഴും ഉണ്ട്. ഇപ്പോൾ ദുബായ് ഡി.ഐ.പിയിലും അബുദാബിയിലും ഓഫിസുകളുണ്ട്.
ജോലി അന്വേഷിക്കുന്നവർക്ക് തീർച്ചയായും ജോലി നൽകും എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത നയം. അതിന് ഒരു കാരണമുണ്ട്. അത് പിന്നാലെ പറയാം. ജോലിക്കാർക്ക് അവരുടെ ശേഷിക്കും ആഗ്രഹത്തിനും അനുസരിച്ച് ജോലി ചെയ്യാനും ഉയരാനുമുള്ള അവസരം നൽകാനാണ് ശ്രദ്ധിക്കുന്നതെന്ന് ഹസീന പറഞ്ഞു. 400 ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. തൊഴിലാളികളിൽ ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാമുണ്ട്.
ആരുടെയും രേഖകൾ പിടിച്ചുവച്ച് അവരെ നിർബന്ധപൂർവം കമ്പനിയിൽ നിർത്തുന്ന രീതിയുമില്ല. കൊവിഡ് കാലത്തും താമസയിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാനും രണ്ടായിരത്തിലധികം ആളുകൾക്ക് പതിവായി പി.സി.ആർ ടെസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും സൗകര്യം ഏർപ്പെടുത്തി. ഏത് തൊഴിലാളിക്കും ചെയർമാനെ നേരിട്ടു വിളിക്കാനും അനുവാദമുണ്ട്.
● അനുഭവം ഗുരു
വീട്ടിൽ സാമ്പത്തികമായി നല്ല ചുറ്റുപാട് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായാണ് നിഷാദ് 2004ൽ ദുബായിലെത്തിയത്. ഷാർജ റോളയിൽ ഒരു ചെറിയ സ്ഥാപനത്തിൽ ജോലിക്കാരനായി. മൂന്നു വർഷം അവിടെ നിന്നു. തുടർന്ന് സ്വന്തം പണം കൊണ്ട് ലൈസൻസ് സമ്പാദിച്ചു പതുക്കെ സെയിൽസ് ജോലിയിലേക്ക് കയറി. ചില കമ്പനികളിൽ ഇന്റർവ്യൂവിന് പോയെങ്കിലും പ്രവൃത്തിപരിചയമായിരുന്നു മിക്കവർക്കും വേണ്ടിയിരുന്നത്. ജോലി ലഭിക്കാതെ എങ്ങനെ പ്രവൃത്തി പരിചയം ലഭിക്കും എന്ന ചിന്ത വല്ലാതെ അലട്ടി. ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചപ്പോഴാകട്ടെ കംപ്യൂട്ടർ ഉൾപ്പടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോലും സമ്മതിക്കില്ലായിരുന്നു. ഈ രണ്ടു കാര്യവും ഒരു നോവായി കിടന്നു. അതുകൊണ്ടു തന്നെ പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങിയപ്പോൾ ജോലി തേടി വരുന്നവർക്ക് ജോലി നൽകാൻ ശ്രദ്ധിച്ചു. അവരെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനും. അതെല്ലാം തനിക്കും കമ്പനിക്കും ഗുണകരമായിട്ടേയുള്ളൂ എന്നാണ് നിഷാദിന്റെ പക്ഷം.
● അരലക്ഷം പേർക്ക് ജോലി
അടുത്ത അഞ്ചു വർഷം കൊണ്ട് അരലക്ഷം പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനമായി വേൾഡ് സ്റ്റാർ ഉയരുന്നതാണ് ഹസീനയുടെ സ്വപ്നം. വേൾഡ് സ്റ്റാർ ലോകത്തിന്റെ ഗോൾഡ് സ്റ്റാറാകണം. ആ സ്വപ്നത്തിലേക്ക് ചിറക് വിടർത്താൻ കമ്പനിക്ക് ശേഷിയുണ്ടെന്നും അവർ ഉറപ്പിക്കുന്നു. വായ്പകളൊന്നുമില്ലാതെയാണ് കമ്പനിയുടെ യാത്ര. കമ്പനി നടപടികൾ കടലാസ് രഹിതമാക്കാനും സുസജ്ജമാണ്. ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകൾ ഓഫീസിൽ നടപ്പാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാരും സജ്ജരായിട്ടുണ്ട്. അതു കൊണ്ടുതന്നെ കൊവിഡ് ലോക്ഡൗണിൽ പോലും പ്രശ്നങ്ങളില്ലാതെ കമ്പനി വേഗത്തിൽ ചലിച്ചു. ഇതിനകം തന്നെ ജി.സി.സിയിലെ മിക്ക രാജ്യങ്ങളിൽ നിന്ന് പദ്ധതികൾ വരുന്നുണ്ട്. സൗദിയിൽ ഉടൻ തന്നെ സംരംഭം തുടങ്ങാൻ തയ്യാറെടുത്തു കഴിഞ്ഞതായും ഹസീന വ്യക്തമാക്കി. ഇതിനെല്ലാം ഉപരിയായി ഈ നാടും ഇവിടുത്തെ ഭരണസംവിധാനവും നൽകുന്ന പിന്തുണയ്ക്കും അവർ നന്ദി പറയുന്നു. മക്കൾ: ഷിനാസ്, ഹംദാൻ, ഹനാൻ അൽമീറ (എല്ലാവരും ജെംസ് മില്ലേനിയം സ്കൂളിൽ യഥാക്രമം ആറ്, നാല്, ഫസ്റ്റ് ഗ്രേഡുകളിൽ), ആറുമാസം പ്രായമുള്ള ഹെസ്ലീൻ അമീറ.



