Home NARTH KANNADIPARAMBA ” ആദിലിന്റെ വിജയത്തിൽ കോവി ഡ് തോറ്റു” ഈ വിജയം ഉപ്പക്ക് സമർപ്പിക്കുന്നു..
KANNADIPARAMBA - July 16, 2021

” ആദിലിന്റെ വിജയത്തിൽ കോവി ഡ് തോറ്റു” ഈ വിജയം ഉപ്പക്ക് സമർപ്പിക്കുന്നു..

കണ്ണാടിപ്പറമ്പ: കുടുംബത്തിന്റെ വിഷമതയിൽ കോവിഡിനെ തോൽപ്പിച്ചുള്ള വിജയമാണ് ആദിലിനുളളത്.മനസ്സിനെ ഉലച്ച സങ്കടങ്ങൾക്കും പ്രതിസന്ധികൾക്കുമൊന്നും ആദിൽ അലിയുടെ ലക്ഷ്യബോധത്തെ തോൽപ്പിക്കാനായില്ല. പ്രിയപ്പെട്ട ഉപ്പയെ മഹാമാരി കവർന്നപ്പോഴും സ്വന്തം ശരീരത്തെ കോവിഡ്‌ തളർത്തിയപ്പോഴും ഇടറിയ മനസ്സോടെ പത്താം ക്ലാസ്‌ പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു ആദിൽ. വീണുപോവുമെന്ന്‌ തോന്നിയപ്പോഴൊക്കെയും ഉറ്റവരും വിദ്യാലയവും ഒപ്പം നിന്നു. എല്ലാ വിഷയത്തിലും എ പ്ലസോടെ ജയിച്ചാണ്‌ ദുരിതകാലത്തിന്‌ ആദിൽ മറുപടി നൽകിയത്‌. മിന്നുന്ന ജയം ഉപ്പയുടെ ഓർമകൾക്ക്‌ സമർപ്പിക്കുകയാണ്‌ ഈ മിടുക്കൻ. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഏപ്രിൽ എട്ടിന് നടന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഉപ്പയെ നഷ്ടമായത്. തൊട്ടുപിന്നാലെ ആദിലിനെയും രോഗം കീഴടക്കി. മനസ്‌ ചഞ്ചലപ്പെട്ടെങ്കിലും അധ്യാപകരും കുടുംബാംഗങ്ങളും കൂടെ നിന്ന്‌ കരുത്തുനൽകി. സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലെ മൂകമായ അന്തരീക്ഷത്തിൽ പരീക്ഷയുമെഴുതി. പഠനത്തിൽ മിടുക്കനാണെങ്കിലും പ്രതിസന്ധികൾ നിരാശനാക്കുമോയെന്ന് ഏവരും ഭയപ്പെട്ടിരുന്നു. എന്നാൽ നിശ്ചയദാർഢ്യത്തിന് മുന്നിൽ പരീക്ഷയും തലകുനിച്ചു. പ്രതിസന്ധികളോട്‌ പൊരുതി മുന്നേറണമെന്ന അനുഭവപാഠമാണ് ഇനി ആദിൽ. അതിജീവനത്തിന്റെ പരീക്ഷയെ കരളുറപ്പോടെ നേരിട്ട മിടുക്കനെ നാട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പരേതനായ അൻവർ പാഷ യുടെയും ശുഹൈബയുടെയും മകനാണ്. നല്ലൊരു ക്രിക്കറ്ററും, അത്രയേറെ സ്പോർട്ട്സിനെ സ്നേഹിച്ച നല്ലൊരു സംഘാടകനും , സാമൂഹ്യ പ്രവർത്തകനും കൂടിയായിരുന്ന പിതാവിനാണ് ആദിൽ മിന്നുംജയം അർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.സുധാകരൻ