150ഓളം സ്മാര്‍ട്ട്‌ഫോണുകള്‍ വി ഡി സതീശന്‍ എംഎല്‍ ഐ കൈമാറി
ഓണ്‍ലൈന്‍ പഠനത്തിന് കണ്ണൂര്‍ കോര്‍പ്പറേഷന്റെ വിദ്യാമിത്രം പദ്ധതി:
150ഓളം സ്മാര്‍ട്ട്‌ഫോണുകള്‍ വി ഡി സതീശന്‍ എംഎല്‍ ഐ കൈമാറി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഓണ്‍ലൈന്‍ പഠനോപകരണ വിതരണ പരിപാടിയായ വിദ്യാമിത്രം പദ്ധതി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംഎല്‍ഐ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ ശേഖരിച്ച 150ഓളം സ്മാര്‍ട്ട്‌ഫോണുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാറിന് അദ്ദേഹം കൈമാറി. സംസ്ഥാനത്തെ കോവിഡ് മഹാമാരി ബാധിച്ചു 15 മാസങ്ങള്‍ പിന്നിടുമ്പോഴും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം കൃത്യമായ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. അധ്യാപകന്‍ നേരിട്ട് പഠിപ്പിക്കുന്നതിലൂടെ കുട്ടികളുമായുണ്ടാകുന്ന അടുപ്പം ഓണ്‍ലൈന്‍ പഠനത്തിലൂടെ ലഭിക്കുന്നില്ല. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണമാകുന്നു. ഇത് കുട്ടികളുടെ ഉന്നതപഠനം തന്നെ പ്രയാസത്തിലാക്കുന്നു. സംസ്ഥാനത്തെ ഏഴ് ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. ഇവര്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു എങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ ഈ ഭാരിച്ച ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടി മാതൃകാപരമാണെന്നും ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ അവലോകനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഫോണുകള്‍ വിദ്യാമിത്രം മൊബൈല്‍ വണ്ടിയിലൂടെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നാളെ നേരിട്ട് എത്തിക്കും. മൊബൈല്‍ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് രാവിലെ 10 മണിക്ക് മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിക്കും.
പരിപാടിയില്‍ മേയര്‍ അഡ്വ. ടി. ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന,
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീമ ടീച്ചര്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍.ഉഷ വി.കെ. ഷൈജു, കോര്‍പറേഷന്‍ സെക്രട്ടറി ഡി സാജു, എ ഇഒമാരായ കെ പ്രദീപന്‍, പി വിനോദ്, കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


