സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സത്രീകളോട് സ്വർണവും പണവും തട്ടുന്ന യുവാവ് അറസ്റ്റിൽ
കണ്ണൂർ: സോഷ്യൽ മീഡിയകളിൽ കൂടി സൗഹൃദം പങ്കുവെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈകലാക്കുന്ന യുവാവ് അറസ്റ്റിൽ.കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുന്ന് ഒതയമ്മാടം പയ്യൻവളപ്പിൽ അനൂപിനെ (37)യാണ്
അറസ്റ്റ് ചെയ്തത്.
വിവാഹിതരായ സ്ത്രീകളുമായി ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയും സൗഹൃദം സ്ഥാപിച്ചു അവരോട് ഫോട്ടോ അയക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഈ ഫോട്ടോ ഭർത്താവിനു അയച്ചു കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയും ചെയ്യുകയാണ് രീതി. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കണ്ണപുരം സ്വദേശിനി കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുകുമാരൻ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോൺ പരിശോധന നടത്തിയതിൽ നിരവധി സ്ത്രീകളുമായി പ്രതി ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എസിപി കണ്ണാടിപ്പറമ്പ ഓൺലൈനിനോട് പറഞ്ഞു. ഏതെങ്കിലും സ്ത്രീകൾ ഇയാളുടെ ചൂഷണത്തിന് വിധേയയായിട്ടുണ്ടെങ്കിൽ
കണ്ണപുരം പോലീസ് സ്റ്റേഷനിലോ എസ്എച്ച്ഒ (9497947318), കണ്ണൂർ എസിപിയെയോ വിവരം അറിയിക്കണമെന്നു എസിപി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.


