നാറാത്ത് ഞാറ് നടാന്‍ ഇതര സംസ്ഥാന തൊഴിലാളികളും; ഞാറ്റുപാട്ടില്ലെങ്കിലും ജോലിയില്‍ കേമന്‍മാര്‍

നാറാത്ത്: ഞാറ് നടുന്നതിനു ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിലാളികളെ കിട്ടാത്ത പ്രശ്‌നം. പല കര്‍ഷകരും നഷ്ടം സഹിച്ചും കൃഷി നടത്താന്‍ തയ്യാറാണെങ്കിലും തൊഴിലാളികളെ കിട്ടാത്തതു കാരണം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇതിന് പരിഹാരമായിരിക്കുകയാണ്. മറ്റു പല തൊഴിലുകളിലുമെന്ന പോലെ ഞാറ് നടാന്‍ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളും തയ്യാറാണ്. അങ്ങ് ദൂരെയൊന്നുമല്ല, നമ്മുടെ നാറാത്ത് പഞ്ചായത്തില്‍ തന്നെ ഞാറ് നടുന്നത് ബംഗാള്‍, തമിഴ്‌നാട് സ്വദേശികളാണ്. ഞാറ്റുപാട്ടില്ലെങ്കിലും ജോലിയില്‍ ഇവര്‍ കേമന്‍മാരാണെന്ന് കുറഞ്ഞ നാള്‍ കൊണ്ടുതന്നെ തെളിയിച്ചിരിക്കുകയാണ്. ജോലിയില്ലെന്നു പറഞ്ഞ് മലയാളികള്‍ കരഞ്ഞിരിക്കുമ്പോഴാണ് നമ്മുടെ സ്വന്തം കാര്‍ഷിക വൃത്തിയില്‍ പോലും ഇതര സംസ്ഥാനക്കാര്‍ ഇടപെട്ട് പൊന്ന് വിളയിക്കുന്നത്.

നാറാത്ത് മുണ്ടോന്‍ വയലില്‍ വിസ്തൃതമായ പാടശേഖരത്തിലാണ് ഇതസംസ്ഥാന തൊഴിലാളികളുടെ കൈ കൊണ്ട് നട്ട ഞാറുകള്‍ വേരുപിടിച്ചുനില്‍ക്കുന്നത്. കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി സെയ്ദുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇവിടെ നാട്ടിപ്പണി ഏറ്റെടുത്തിരിക്കുന്നത്. നാറാത്ത് പഞ്ചായത്ത് പാടശേഖര സമിതിയുടെ 70 ഹെക്ടറോളം വരുന്ന വയലിലിലാണ് ഇവരുടെ അദ്ധ്വാനം. ഒരേക്കറിന് ആറായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് കരാറടിസ്ഥാനത്തില്‍ ഇവരുടെ കൂലി.
2013 മുതല്‍ സ്ഥിരമായി കേരളത്തിലെത്തി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന സംഘം ഇപ്രാവശ്യം നാറാത്ത് കതിര്‍ കാര്‍ഷിക സ്വാശ്രയ സംഘത്തിന്റെ കീഴിലുള്ള സ്ഥലങ്ങളില്‍ നാട്ടിപ്പണിയെടുക്കുന്നത്. ഇവര്‍ക്കു പുറമെ തമിഴ്‌നാട് സ്വദേശികളായ രാമലിംഗം, രാമന്‍, ഗോവിന്ദന്‍, ഷണ്‍മുഖം എന്നിവരുമുണ്ട്. യുവാക്കള്‍ മാത്രമുള്ള സംഘത്തിന്റെ നാട്ടിപ്പണിയിലെ വൃത്തിയും വേഗതയും നമ്മള്‍ മലയാളികളെ നാണിപ്പിക്കും. പരമ്പരാഗത നാട്ടിപ്പണിക്കാരെ പിന്നിലാക്കുന്ന രീതിയിലാണ് ഇവരുടെ പണി. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നാറാത്ത് പഞ്ചായത്തിന്റെ ഇടപെടലിലൂടെ ഹെക്ടര്‍ കണക്കിന് തരിശുഭൂമിയാണ് ഇക്കുറി കൃഷിയോഗ്യമാക്കിയിട്ടുള്ളത്. നാറാത്ത് പഞ്ചായത്ത് പാടശേഖരങ്ങളായ പെരുന്തുരുത്തി, മലോട്ട്, പള്ളേരി, വെണ്ടോട്ട്, മാതോടം, മാതോടം കൈപ്പാട് എന്നീ അഞ്ച് പാടശേഖര വയലുകളിലും ഇതര സംസ്ഥാന നാട്ടിപ്പണിക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. നേരത്തേ ചെലവ് കൂടിയതും പണിക്കാരെ കിട്ടാത്തതും ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം എന്നിവയുടെ ലഭ്യതക്കുറവും കാരണം നിരവധി പരമ്പരാഗത കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ഇവര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഇതിനു പുറമെ തരിശായി കിടന്ന നിരവധി സ്ഥലങ്ങള്‍ ആളുകള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്നത് ഏജന്റുമാര്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാറ്റുപാട്ടിന്റെ അലയൊലിയില്ലെങ്കിലും നിരതെറ്റാതെ ഞാറുനട്ട് പിന്നോട്ട് നടക്കാന്‍ ഇവര്‍ എളുപ്പത്തില്‍ പഠിച്ചെടുത്തതായി ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.


