ടൂറിസം വികസന പദ്ധതികള്‍; നാറാത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
പുല്ലൂപ്പി: ജില്ലയിലെ സുപ്രധാന ടൂറിസം മേഖലകളിലൊന്നായി നാറാത്ത് പഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അഴീക്കോട് എം.എല്‍.എ കെ. വി സുമേഷിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ കുമ്മായക്കടവ്, കല്ലൂരിക്കടവ്, കാക്കത്തുരുത്തി, പുല്ലൂപ്പിക്കടവ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍, വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത്, ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. വാര്‍ഡ് മെബര്‍മാരായ സൈഫുദ്ധീന്‍ നാറാത്ത്, വി വി ഷാജി എന്നിവരും കൂടെയുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ നാറാത്ത് പഞ്ചായത്തിലെ മടത്തിക്കൊവ്വലില്‍ നിന്ന് കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തിയിലേക്കുള്ള പാലം പുതുക്കിപ്പണിയണമെന്ന ആശയത്തിനും സമ്മര്‍ദ്ദം ചെലുത്തും.

പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലുള്ള പ്രകൃതി രമണീയമായ പുല്ലൂപ്പിക്കടവില്‍ ടൂറിസം പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടുള്ള വികസനമായിരിക്കും നടപ്പാക്കുക. കണ്ടല്‍കാടുകളാല്‍ നിറഞ്ഞ പച്ചതുരുത്തുകളും ദേശാടന പക്ഷികളായ അരണ്ടകളുടെയും മറ്റും പക്ഷി സങ്കേതങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. വിവിധ തരത്തിലുള്ള മത്സ്യസമ്പത്തുകളാല്‍ നിറഞ്ഞൊഴുകുന്ന പുല്ലൂപ്പിപ്പുഴ കാണാനും മറ്റും നിരവധി പേരാണ് ദിനേന എത്താറുള്ളത്. തൊട്ടടുത്തുള്ള അഗസ്ത്യ മുനി ക്ഷേത്രവും സഞ്ചാരികള്‍ക്ക് നയനമനോഹരമായ കാഴ്ചയാണ് നല്‍കുന്നത്. കണ്ണാടിപ്പറമ്പിനെ കക്കാട്, കണ്ണൂര്‍ ടൗണുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധമായ പ്രധാന റോഡിലുമൊക്കെയായി പ്രഭാത സവാരിക്കും ജോഗിങിനുമൊക്കെയായി സ്ത്രീപുരുഷ ഭേദമന്യ നിരവധി പേര്‍ എത്താറുണ്ട്. സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം ആസ്വാദനത്തിനും നൂറുകണക്കിന് ആളുകളാണെത്തുന്നത്. വാഹനങ്ങളുടെ പരക്കപാച്ചിലിനപ്പുറം
സവാരിക്കും കുട്ടികള്‍ക്ക് കളിക്കാനും ഇവിടെ പാര്‍ക്ക് പോലോത്ത ഒരിടമില്ലെന്ന സഞ്ചാരപ്രിയരുടെ സങ്കടത്തിനും പുതിയ പദ്ധതിയോടെ വിരാമമാവുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ തന്നെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും അധികൃതര്‍ തയ്യാറെക്കുന്നതായാണു വിവരം.
അതേസമയം, പദ്ധതിയെകുറിച്ചും സാധ്യതകളെ കുറിച്ചും കൂടുതല്‍ പഠിക്കാന്‍ കാട്ടാമ്പള്ളി മുതല്‍ മുണ്ടേരിക്കടവ് വരെ ബോട്ടുവഴി സന്ദര്‍ശനം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ ‘കണ്ണാടിപ്പറമ്പ ഓണ്‍ലൈനി’നോടു പറഞ്ഞു. മാത്രമല്ല, കുമ്മായക്കടവ്, കല്ലൂരിക്കടവ് എന്നിവിടങ്ങളില്‍ ബോട്ടുജെട്ടിയും ആലോചനയിലുണ്ട്.


