ഇനി വൈകുന്നേരം ആറ് മണിവരെ ഒ.പി.
നാറാത്ത് പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമാകുന്നു;
ഇനി വൈകുന്നേരം ആറ് മണിവരെ ഒ.പി.
KANNADIPARAMBA. ONLINE✍️
നാറാത്ത്: നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍(പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്ര(ഫാമിലി ഹെല്‍ത്ത് സെന്റര്‍) ആയി ഉയര്‍ത്തുന്നതിന്റെ പ്രവൃത്തി അഴീക്കോട് എംഎല്‍എ കെ വി സുമേഷ് വിലയിരുത്തി. ഇന്ന് രാവിലെയാണ് സന്ദര്‍ശിച്ചത്. കുടുംബാരോഗ്യ കേന്ദ്രം ആവുന്നതോടെ ഇവിടെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഒ.പി. ചികില്‍സയുണ്ടാവും. ഈ വരുന്ന ആഗസ്ത് ഒന്നിന് ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ആശുപത്രി കോംപൗണ്ടിന്റെ മുന്‍ ഭാഗം ഇന്റര്‍ലോക്ക് ചെയ്തു. 95 ശതമാനം പ്രവൃത്തി പൂര്‍ത്തിയായ പഴയ കെട്ടിടം കൂടി ഏറ്റെടുക്കാനായാല്‍ അവശ്യരോഗികള്‍ക്ക് കിടത്തിച്ചികില്‍സ ഉള്‍പ്പെടെയുള്ളവ നടത്താനാവുമെന്നു പഞ്ചായത്ത് പ്രസിഡന്റ് രമേശന്‍ അറിയിച്ചു. ഇക്കാര്യം കൂടി കെ വി സുമേഷ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. 12 വര്‍ഷത്തോളമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടും കെട്ടിടം ഏറ്റെടുക്കുകയോ കിടത്തിച്ചികില്‍സ തുടങ്ങുകയോ ചെയ്തിരുന്നില്ല. കെട്ടിടം വൃത്തിഹീനമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന കെട്ടിടം ശുചീകരിച്ചിട്ടുണ്ട്. കിടത്തിച്ചികില്‍സ തുടങ്ങുകയാണെങ്കില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. നാറാത്ത്, കൊളച്ചേരി, ചിറക്കല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള നിരവധി രോഗികളാണ് നാറാത്ത് പി.എച്ച്.സിയില്‍ ദിനേനയെത്തുന്നത്. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം കൂടിയായ ഇവിടെ റോഡരികില്‍ തന്നെയായതിനാല്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനാവുമെന്നതും സൗകര്യപ്രദമാണ്.



