കണ്ണൂർ കോർപ്പറേഷൻ കിടപ്പ് രോഗികൾക്കും പ്രായമായവർക്കും വീട്ടിൽ എത്തിയുള്ള വാക്സിനേഷൻ ആരംഭിച്ചു

കണ്ണൂർ കോർപ്പറേഷന്റെ വീട്ടിലെത്തി വാക്സിൻ നൽകുന്ന പദ്ധതിയുടെ ഭാഗമായി കസാന കോട്ട ഡിവിഷനിലെ 90 വയസുകാരി ഉമ്മു തമീമക്ക് വീട്ടിലെത്തി വാക്സിൻ നൽകുന്നു.
കോർപ്പറേഷൻ പരിധിയിലെ കിടപ്പു രോഗികൾക്കും പ്രായമായവർക്കും വീട്ടിലെത്തി വാക്സിനേഷൻ നൽകുന്നതിനുള്ള പദ്ധതി കോർപ്പറേഷൻ ആരംഭിച്ചു.
കസനക്കോട്ട ഡിവിഷനിലെ തായത്തെരുവിലെ പ്രമുഖമായ മാങ്കടവ് തറവാട്ടിലെ 90 വയസ്സുകാരി ഉമ്മു തമീമയുടെ വീട്ടിലെത്തി ആദ്യ വാക്സിൻ നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പരിപാടിയിൽ മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ശബീന സ്ഥിരം സമിതി അധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ, പി കെ രാഗേഷ്, സുരേഷ് ബാബു എളയാവൂർ സിയാദ് തങ്ങൾ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, മുൻ മേയർ സി സീനത്ത്, മുൻ ഡെപ്യൂട്ടി മേയർ സി സമീർ, ഹെൽത്ത് ഇൻസ്‌പെക്ടർ പത്മരാജൻ എന്നിവർ പങ്കെടുത്തു.
കിടപ്പുരോഗികളുള്ള ഓരോ വീടും കേന്ദ്രീകരിച്ചു 10 പേർക്ക് വീതമാണ് വാക്സിൻ നൽകിയത്.
കിടപ്പു രോഗികളും ഭിന്നശേഷിക്കാരും ആയ അറുപതോളം പേരും പ്രായമായവരും ഉൾപ്പെടെ നൂറോളം പേർക്ക് ആദ്യദിവസം വാക്സിൻ നൽകി.
വാക്സിൻ എടുത്തവരെ നിരീക്ഷിക്കുന്നതിനും അത്യാവശ്യ ഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിനും ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനവും കോർപ്പറേഷൻ ഏർപ്പെടുത്തിയിരുന്നു.
കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചറുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ വാക്സിൻ എടുക്കാൻ എത്തുന്നവർക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
നാളെ താണ ഡിവിഷനിൽ വാക്‌സിനേഷൻ നടത്തും.


