മുണ്ടയാടിനടുത്ത് ആംബുലൻസ് മരത്തിലിടിച്ച് മൂന്നു മരണം
പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) ,ഭാര്യ റെജിന (37) , ഡ്രൈവർ നിധിന്‍രാജ് (40) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ റെജിനയുടെ സഹോദരൻ ബെന്നി ചികിത്സയിലാണ്.
പയ്യാവൂർ വാതിൽമട ഭൂതത്താൻ കോളനിയിലെ ആമ്പുലൻസാണ് തിങ്കളാഴ്ച രാവിലെ 5.30 ഓടെ എളയാവൂർ പഞ്ചായത്ത് ഓഫീസിനു സമീപത്ത് അപകടത്തിൽപെട്ടത്.
പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കുഴിയിൽ ബിജോയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് ആമ്പുലൻസിൽ കൊണ്ടു പോകവേയാണ് അപകടം.
ആമ്പുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് ആൽ മരത്തിൽ ഇടിച്ചാണ് ദുരന്തം ഉണ്ടായത്. മരിച്ച ബിജോയ്ക്ക് രക്തത്തിലെ ഓക്സിജൻ്റ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവേയാണ് അപകടം. വാഹനത്തിൽ കുടുങ്ങിയവരെ അഗ്നി രക്ഷാ സേന എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവസ്ഥലത്തു തന്നെ മൂന്നു പേരും മരിച്ചിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്നവരെ ആമ്പുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചന്ദനക്കാംപാറ സ്വദേശികളായ ബിജോയും റെജിനയും ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ബിജോയുടെ ഭാര്യ റെജിന മണിക്കടവ് യു.പി. സ്കൂളിലെ അദ്ധ്യാപികയാണ്. എറിൻ, എബിൻ എന്നിവർ മക്കളാണ്. ആമ്പുലൻസ് ഡ്രൈവർ പയ്യാവൂർ സ്വദേശിയായ ഒറ്റേടത്തു വിജയൻ രാധ ദമ്പതികളുടെ മകനാണ്. നിധിന സഹോദരിയാണ്. പെട്ടെന്നുള്ള ദുരന്ത വാർത്ത പയ്യാവൂരിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.


