മത്സ്യമേഖലയെ തകർക്കാനുള്ള ഒരു ഭരണപക്ഷ എം.എൽഎയുടെ താൽപര്യത്തിന് ജില്ലാ ഭരണകൂടം കൂട്ടുനിൽക്കുന്നു;കരീംചേലേരി
കണ്ണൂർ: ജില്ലയിലെ മൊത്ത – ചെറുകിട മത്സ്യ വ്യാപാരത്തെയും വിതരണത്തെയും തകർക്കാൻ ഒരു ഭരണപക്ഷ എം.എൽ.എയുടെ താൽപര്യത്തിന് ജില്ലാ ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും ഇല്ലാത്ത വിധത്തിൽ ജില്ലയിലെ രണ്ട് പ്രധാന മത്സ്യ മാർക്കറ്റുകൾ അടച്ചിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും അവ തുറന്ന് കൊടുക്കാൻ ജില്ലാ ഭരണകൂടം തുനിയാത്തത് ഈ സമർദ്ദം കൊണ്ടാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി പ്രസ്താവിച്ചു.
കോവിഡിൻ്റെ മറവിൽ അടച്ചിട്ട കണ്ണൂരിലെ ആയിക്കര ,തലശ്ശേരി മത്സ്യ മാർക്കറ്റുകൾ അടിയന്തിരമായും തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി യു ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണുർ കലക്ട്രേറ്റിനു മുന്നിൽ നിൽപ്പ് പട്ടിണിസമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം എസ്. ടി. യു. ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം അദ്ധ്യക്ഷത വഹിച്ചു. മൊത്ത വിതരണ ശ്രംഖല തകർത്ത് ചില ഇടനിലക്കാർക്ക് തടിച്ചുകൊഴുക്കാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: കെ.എ.ലത്തീഫ് ,പാലക്കൽ സാഹിർ, .പി.കെ. കമറുദ്ദീൻ,എ.കെ.മഹമൂദ്,എം.ആസാദ്,സി.പി.സമീർ ,പാലക്കൽ അലവി,ഒ.കെ.ഖാദർ ,തുടങ്ങിയവർ പ്രസംഗിച്ചു.


