Home KERALA 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി
KERALA - June 4, 2021

20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. തോമസ് ഐസക് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റിനെ പൂ‍ണ്ണമായും ഉൾക്കൊണ്ട് കൊവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരങ്ങൾ കൂട്ടി ചേര്‍ത്താണ് ബജറ്റുമായി മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. 20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിന് ചെലവഴിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

രണ്ടാം കൊവിഡ് പാക്കേജിന് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി കൊവിഡ് പ്രതിരോധത്തിന് ആറിന പരിപാടി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലക്ക് വലിയ ഊന്നൽ നൽകിയാണ് പദ്ധതികളെല്ലാം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ ഉണ്ടാക്കും. 635 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്.

ഓരോ മെഡിക്കൽ കോളേജുകളിലും പകര്‍ച്ചവ്യാധി തടയാൻ പ്രത്യേക ബ്ലോക്കുകളുണ്ടാക്കും. 50 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽ കണ്ട് കുട്ടികൾക്കുള്ള ഐസിയു സംവിധാനം വികസിപ്പിക്കും. അമേരിക്കൻ സിഡിസി മാതൃകയിൽ മെഡിക്കൽ റിസര്‍ച്ചിന് പുതിയ കേന്ദ്രം ഉണ്ടാക്കുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. 1000 കോടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. സംസ്ഥാനത്ത് വാക്സീൻ ഗവേഷണം തുടങ്ങും. അതിനായി 10 കോടി രൂപയാണ് ബജറ്റ് നീക്കി വച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ