നിടുവാട്ട് കൂളിത്തറ റോഡിന്റെ അവസ്ഥ അതിദയനീയം, ഇവിടെ ഒരു തെരുവ് വിളക്ക് പോലുമില്ല; കാലങ്ങളായി തുടരുന്ന ഈ അവഗണനയ്ക്ക് ഒരു ശാശ്വത പരിഹാരമുണ്ടോ..!?
റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായതിനാൽ താൽക്കാലികാശ്വാസത്തിനായി നാട്ടുകാർ ചേർന്ന് ഇവിടം മണ്ണിട്ടു നികത്തി
നിടുവാട്ട്: നാറാത്ത് പഞ്ചായത്തിലെ പതിനാലാം വാർഡായ നിടുവാട്ടെ കൂളിത്തറ റോഡിന്റെ അവസ്ഥ അതിദയനീയം. കാലങ്ങളായി നിലനിൽക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഇന്നുവരെ ഉണ്ടായിട്ടില്ല.
നിടുവാട്ടിനെ പാറപ്പുറവുമായി ബന്ധിപ്പിക്കുന്ന കൂളിത്തറ റോഡ് വഴി ദിനേന കാൽനടയായും, വാഹനങ്ങളിലും യാത്ര ചെയ്യുന്ന യാത്രക്കാർ ഏറെയാണ്. പാറപ്പുറം വഴി പുല്ലൂപ്പിയിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്നവരും ഇതിലുൾപ്പെടും. മാത്രമല്ല, സ്കൂൾ – മദ്‌റസകളിൽ പഠിക്കുന്ന ചെറിയ വിദ്യാർഥികൾ പോലും ദിനേന സഞ്ചരിച്ചിരുന്ന റോഡ് കൂടിയാണിത്. വള്ളുവൻകടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലേക്കും ഇതുവഴി എളുപ്പം സഞ്ചരിക്കാം. റോഡിന്റെ ശോചനീയാവസ്ഥ മാത്രമല്ല, ഇവിടെ ഒരു തെരുവ് വിളക്ക് പോലുമില്ലെന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. രാത്രി കാലങ്ങളിൽ ഇതുവഴി പോകുന്നവർ സാഹസികമായാണ് യാത്ര ചെയ്യുന്നത്.
ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രസ്തുത റോഡ് ടാർ ചെയ്തുവെങ്കിലും പകുതി വരെ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കാലവർഷമെത്തിയാൽ ചെളിക്കുളമാകുന്ന റോഡിന്റെ പ്രധാന ഭാഗം ഇതിൽ ഉൾപ്പെട്ടതുമില്ല. ഏതായിരുന്നാലും കൂളിത്തറ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും, പ്രദേശത്ത് ആവശ്യമായ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
അതേസമയം, റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായതിനാൽ താൽക്കാലികാശ്വാസത്തിനായി നാട്ടുകാർ ചേർന്ന് ഇവിടം മണ്ണിട്ടു നികത്തി. നാട്ടുകാരായ പാറപ്പുറത്തെ മുഹമ്മദ് കുഞ്ഞി, പി.പി ഷുഹൈബ്, മുനീർ, നജ്മു, ഷാഹുൽ ഹമീദ്, ഷുഹൈൽ, ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണും കല്ലും പാകി റോഡ് താൽക്കാലികമായി യാത്രായോഗ്യമാക്കിയത്.


