നിലവിളിക്കാന്‍ പോലുമാവാതെ കത്തിയമര്‍ന്നു; നിസ്സഹായരായി രക്ഷിക്കാന്‍ ഓടിയെത്തിയവര്‍
ഒന്നുറക്കെ നിലവിളിക്കാൻപോലും കഴിയാതെയാണ് ഷജീഷും അഭിലാഷും ആറാംമൈൽ മൈതാനപ്പള്ളിക്ക് സമീപം കത്തിയമർന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ബസിടിച്ചയുടൻ തീ ആളിപ്പടർന്നു. അപകടം കണ്ട് ഓടിയത്തിയവർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആർക്കും അടുത്തുചെല്ലാനാകാത്തവിധം തീ ആളിപ്പടരുകയായിരുന്നു. ഇരുവരുടെയും മൃതദേഹം തിരിച്ചറിയാനാകാത്തവിധം കത്തിപ്പോയി.
തലശ്ശേരി ഭാഗത്തുനിന്ന് വന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ മറിയുകയും തീ ആളിപ്പടരുകയുമാണുണ്ടായത്. ബസിലേക്ക് തീപടരാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഏറെ സമയമെടുത്താണ് മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയുടെ നമ്പർ പരിശോധിച്ചാണ് ഓട്ടോ ഉടമ അഭിലാഷാണെന്ന് തിരിച്ചറിഞ്ഞത്. അഭിലാഷിന്റെ ഓട്ടോയിലാണ് ഷജീഷ് സ്ഥിരമായി സഹോദരിയുടെ വീട്ടിൽ വരാറ്. സഹോദരിയുടെ വീടിന് 100 മീറ്റർ അടുത്തുവെച്ചാണ് ദുരന്തമുണ്ടായത്.
തലശ്ശേരി ഭാഗത്തുനിന്ന് വന്ന എം ഫോർ സിക്‌സ് ബസും സി.എൻ.ജി.യിൽ ഓടുന്ന കെ.എൽ. 58 എജി 4784 ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുമാസം മുൻപാണ് അഭിലാഷ് പുതിയ ഓട്ടോ വാങ്ങിയത്.
കോയമ്പത്തൂരിൽ കച്ചവടം നടത്തുന്ന ഷജീഷ് കാലിന് സുഖമില്ലാത്തതിനാൽ ഫിസിയോതെറാപ്പി ചെയ്യാനായി സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ബസിടിച്ചത്. തലശ്ശേരിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും കതിരൂർ പോലീസും ചേർന്നാണ് തീയണച്ചത്.
സംഭവം നടന്നയുടൻ തലശ്ശേരി അസി. കമ്മിഷണർ അരുൺ പവിത്രൻ, കതിരൂർ പോലീസ് ഇൻസ്‌പെക്ടർ കെ.വി. മഹേഷ്, കൂത്തുപറമ്പ് പോലീസ് ഇൻസ്‌പെക്ടർ കെ.പി. ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. രണ്ട് മൃതദേഹങ്ങളും തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ സ്ഥലത്തെത്തി. അപകടത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സി.എൻ.ജിയിൽ നിന്നാണ് തീപടർന്നതെന്നാണ് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഫോറൻസിക് സംഘവും ശനിയാഴ്ചയെത്തും.
അഭിലാഷിന്റെ അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: പൊക്കി. ഭാര്യ: ജാൻസി. സഹോദരങ്ങൾ: അനീഷ്, പ്രസന്ന, ശോഭ.
ഷജീഷ് അവിവാഹിതനാണ്. അച്ഛൻ: പരേതനായ കുമാരൻ. അമ്മ: ജാനു. സഹോദരങ്ങൾ: ഷൈമ, ഷബ്‌ന.