‘ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം; എല്ലാ കണ്ണുകളും അഹമ്മദാബാദിലേക്ക്
രോഹിത്തിന്റെയും വിരാടിന്റെയും ബാറ്റുകളും ജസ്പ്രീതിന്റെ പന്തും വാചാലമാകാനൊരുങ്ങുന്ന അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് ഇന്ന് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ അയൽപോര്. ലോകകപ്പിൽ ഏഴുവട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കൽ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താൻ പാഡുകെട്ടുമ്പോൾ ഇതുവരെയും കാത്ത അപരാജിത കുതിപ്പ് തുടരാനാണ് ആതിഥേയരുടെ അങ്കക്കലി.
അമിതാഭ് ബച്ചനും രജനികാന്തും പോലുള്ള ഇതിഹാസങ്ങൾ കളി കാണാനെത്തുന്ന മൈതാനത്ത് ഇത്തിരി നേരത്തേ ആഘോഷം കൊഴുപ്പിച്ചാകും മത്സരത്തിന് തുടക്കമാകുക.
കടലാസിൽ മുൻതൂക്കം ഇന്ത്യക്കു തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവിലെ പ്രകടനംവെച്ച് ഏതു കൊമ്പന്മാരെയും അനായാസം മുട്ടുകുത്തിക്കാൻ ആതിഥേയർക്ക് ശൗര്യം ഇത്തിരി കൂടും. മുമ്പ് ജാവേദ് മിയാൻദാദും ചേതൻ ശർമയുമെന്ന പോലെ സചിനും ശുഐബ് അക്തറുമെന്ന പോലെ ഏറ്റവുമൊടുവിൽ വിരാട് കോഹ്ലിയും വഹാബ് റിയാസുമെന്നുമുള്ള ദ്വന്ദങ്ങൾക്കു സമാനമായി ഇത്തവണയുമുണ്ട് മുഖാമുഖം നിൽക്കാൻ ഇരുവശത്തും ഏറ്റവും കരുത്തർ.
രോഹിത്തിനെതിരെ ശഹീൻ അഫ്രീദിയും കോഹ്ലിക്കെതിരെ ഹാരിസ് റഊഫും ബാബർ അഅ്സമിനെതിരെ ബുംറയുമെന്നതെല്ലാം സാമ്പ്ളുകൾ മാത്രം. കണക്കിലെ കളികളിൽ മുൻതൂക്കം നേടിയാലും ഏതു നിമിഷവും ഫലം മാറ്റാൻ ശേഷിയുള്ള ക്രിക്കറ്റിൽ പാകിസ്താൻ കരുതിവെച്ച ചില വജ്രായുധങ്ങൾ കളി നിർണയിക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.