ദസറ, പ്രസ് ദ മീറ്റ് ഹോട്ടൽ ബിനാലെയിൽ വെച്ച് നടന്നു.
കണ്ണൂര്‍ ദസറ സംഘാടക സമിതിയുടെ വാർത്ത സമ്മേളനം വിശദാംശങ്ങള്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ഏകദേശം 3 വര്‍ഷം പൂര്‍ത്തിയാകാന്‍ പോവുകയാണ്. നഗരത്തിന്‍റെയും നാടിന്‍റെയും മുഖച്ഛായ മാറ്റുന്ന വികസന ക്ഷേമപ്രവര്‍ത്തനങ്ങളോടൊപ്പം ജനങ്ങളുടെ മാനസികോല്ലാസത്തിനു കൂടി ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടത്തിവരുന്നത്. സംസ്ഥാനത്ത് തന്നെ മാതൃയാകുന്ന പദ്ധതികളാണ് നടത്തിവരുന്നത്. മൈസൂര്‍ ദസറ കഴിഞ്ഞാല്‍ പേര് കേട്ട ദസറ ആഘോഷം കണ്ണൂരിലായിരുന്നു. രണ്ടാം ദസറ എന്നറിയപ്പെടുന്ന ‘കണ്ണൂര്‍ ദസറ’ ആഘോഷത്തെ അതിന്‍റെ എല്ലാ പ്രൗഢിയോടും കൂടി തിരിച്ചുകൊണ്ടുവന്ന് ഏറെ കാലത്തിനുശേഷം കഴിഞ്ഞ വര്‍ഷം ‘കണ്ണൂര്‍ ദസറ’ എന്ന പേരില്‍ നവരാത്രി ആഘോഷം കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചിരുന്നു. കണ്ണൂര്‍ നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയാണ് ദസറ ആഘോഷം. കണ്ണൂരിലെ ജനങ്ങള്‍ ഏറെ ആവേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം ദസറ ആഘോഷം ഏറ്റെടുത്തത്.
ഒക്ടോബര്‍ 15 മുതല്‍ 23 വരെ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ വെച്ച് നടക്കാന്‍ പോകുന്ന ‘കണ്ണൂര്‍ ദസറ’ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായിത്തന്നെ നമ്മള്‍ ആഘോഷിക്കാന്‍ പോവുകയാണ്. കഴിഞ്ഞ വര്‍ഷം ദസറ നല്‍കിയ സന്ദേശം ലഹരിക്കെതിരെ ആയിരുന്നെങ്കില്‍ ഇത്തവണ അത് മാലിന്യത്തിനെതിരെ ആണ്. “നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍” എന്നാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം.
എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന തരത്തില്‍ വിപുലമായ കലാ സാംസ്കാരിക സംഗീത പരിപാടികള്‍ ഇത്തവണയും ആസൂത്രണം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ദസറയുടെ പ്രചരണാര്‍ത്ഥം നിരവധി പരിപാടികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. ശുചീകരണ സന്ദേശം ഉള്‍ക്കൊള്ളുന്നതായതുകൊണ്ട് തന്നെ നടത്തിയ മെഗാ ശുചീകരണം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചന മത്സരം, വ്ളോഗേഴ്സ് മീറ്റ്, പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ശില്‍പനിര്‍മ്മാണം, കോര്‍പ്പറേഷന്‍ ടീമും പ്രസ് ക്ലബ്ബ് ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം, കൊടിയേറ്റം, മണ്‍ചെരാത് തെളിയിക്കല്‍, വിളംബര ഘോഷയാത്ര തുടങ്ങിയവയൊക്കെത്തന്നെ വരാനിരിക്കുന്ന ആഘോഷത്തിന്‍റെ മാറ്റ് വിളിച്ചോതുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന മെഗാതിരുവാതിര ഇന്ന് വൈകുന്നേരം പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് നടത്തും.
9 ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനത്ത് നടക്കുന്ന കണ്ണൂര്‍ ദസറ ആഘോഷത്തിന്‍റെ ആദ്യ ദിനമായ ഒക്ടോബര്‍ 15 ന് വൈകുന്നേരം 5 മണിക്ക് ബഹുമാനപ്പെട്ട കണ്ണൂര്‍ എം പി കെ സുധാകരന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ ടി പത്മനാഭന്‍ ദീപം തെളിയിക്കും. പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, സജീവ് ജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരന്‍ ഐ എ എസ്, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐ പി എസ് തുടങ്ങിയവര്‍ ആദ്യദിനം പങ്കെടുക്കും. തുടര്‍ന്ന് കേരളത്തിലെ ഏറ്റവും പ്രഗത്ഭ മ്യൂസിക് ബാന്‍ഡായ ആല്‍മരം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. എല്ലാ ദിവസവും സാംസ്കാരിക പരിപാടികളും പ്രാദേശിക കലാകാരന്‍മാരുടെ പരിപാടികളുമായി ആരംഭിക്കുന്ന പരിപാടിയില്‍ രണ്ടാം ദിനമായ തിങ്കളാഴ്ച വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനം കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ സോമന്‍ കടലൂര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന പ്രശസ്ത സിനിമാതാരം രചന നാരായണന്‍ കുട്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം അരങ്ങേറും. മൂന്നാം ദിവസം സാംസ്കാരിക സമ്മേളനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പാണ്ടിമേളം നടക്കും. നാലാം ദിനമായ ബുധനാഴ്ച സാംസ്കാരിക സമ്മേളനം പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രശസ്ത സിനിമാതാരം ആശാ ശരത്ത് നയിക്കുന്ന ‘ആശാനടനം’ അരങ്ങേറും. അഞ്ചാം ദിവസം സാംസ്കാരിക സമ്മേളനം ശ്രീ.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ വിനോയ് തോമസ് മുഖ്യാതിഥിയാകും. തുടര്‍ന്ന് സിനിമാ സീരിയല്‍ താരം നസീര്‍ സംക്രാന്തി നയിക്കുന്ന ‘ബംബര്‍ ചിരി മെഗാ ഷോ’ അരങ്ങേറും. ആറാമത്തെ ദിനമായ വ്യാഴാഴ്ച സാംസ്കാരിക സമ്മേളനം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. സിനിമ പിന്നണി ഗായകന്‍ വി ടി മുരളി മുഖ്യാതിഥിയാകും. തുടര്‍ന്ന് കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന ഗാനമേള അരങ്ങേറും. ഏഴാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യകാരന്‍ പി ഐ ശങ്കരനാരായണന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രസീത ചാലക്കുടി നയിക്കുന്ന ‘പതി ഫോക് ബാന്‍ഡ്’ അരങ്ങേറും. എട്ടാം ദിനമായ ഞായറാഴ്ച വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനം വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ജിസാ ജോസ് മുഖ്യാതിഥിയാകും. തുടര്‍ന്ന് യുംന അജിന്‍ നയിക്കുന്ന ‘യുംന ലൈവ്’ (ഖവാലി-ഗസല്‍) അരങ്ങേറും. അവസാന ദിനമായ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ഡോ.എം പി അബ്ദുള്‍സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ, സിനിമ പിന്നണി ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് അജയ് ഗോപാല്‍ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
ആഘോഷത്തോടൊപ്പം ഏറ്റവും ആകര്‍ഷണീയമാകാന്‍ പോകുന്നത് നഗരത്തിലെ ജംഗ്ഷനുകളും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും ദീപാലംകൃതമാകും എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ദസറ ആഘോഷത്തിന്‍റെ ഓരോ ദിവസത്തെ വേദിയിലും സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ഓരോ വിഭാഗത്തെയും പ്രത്യേകം ക്ഷണിതാക്കളാക്കാന്‍ ഉദ്ദേശിക്കുന്നു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവരോടൊപ്പം വിദേശടൂറിസ്റ്റുകളും ഓരോ ദിവസത്തെ പരിപാടികള്‍ക്കായി അതിഥികളായെത്തും. സിനിമാതാരങ്ങളെയും പ്രതീക്ഷിക്കുന്നു. പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നിസീമമായ സഹകരണമാണ് മാധ്യമസുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്നത്. കണ്ണൂര്‍ ദസറയുടെ സമാപനം വരെ വളരെ നല്ല രീതിയില്‍ ദസറ ആഘോഷത്തിന്‍റെ വിശേഷങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സഹായസഹകരണങ്ങള്‍ അപേക്ഷിക്കുന്നു.
പത്രസമ്മേളനത്തില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി രവീന്ദ്രന്‍, എന്‍ ഉഷ, ദസറ കോ-ഓര്‍ഡിനേറ്റര്‍ കെ സി രാജന്‍ മാസ്റ്റര്‍, വി സി നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.