ജൂവലറി കുത്തിത്തുറന്ന് കവർച്ചശ്രമം
പാപ്പിനിശ്ശേരി : ജൂവലറി കുത്തിത്തുറന്ന് കവർച്ച നടത്താനുള്ള ശ്രമം വിഫലമായി. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ദേശീയ പാതയ്ക്കരികിലെ ഫിലാ ഗോൾഡ് എന്ന ജൂവലറിയുടെ ചുമരാണ് തുരക്കാൻ ശ്രമം നടന്നത്.
വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാർ കടയുടെ ഷട്ടറിൽ സ്ഥാപിച്ച പൂട്ടുകൾ തകർത്ത നിലയിലാണ് ആദ്യം കണ്ടത്. ജീവനക്കാരായ എം.വി.ജാസിറും എം.മനോജുമാണ് ആദ്യം കട തുറക്കാൻ എത്തിയത്. ഉടൻ തന്നെ സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി. വിവരം വളപട്ടണം പോലീസിൽ ഫോൺ ചെയ്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. ഷട്ടറിൽ സ്ഥാപിച്ച പൂട്ടുകൾ തകർത്തെങ്കിലും ഷട്ടറിന്റെ മധ്യത്തിലുള്ള ശക്തിയേറിയ പൂട്ട് പൊളിക്കാൻ സാധിച്ചില്ല. എന്നാൽ കവർച്ചക്കാർ പൂട്ട് തകർക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കെട്ടിടത്തിന്റെ പിൻ ഭാഗത്തുള്ള ഭിത്തി തുരന്ന് അകത്തുകടക്കാനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. ആളുകളുടെ സാന്നിധ്യമോ മറ്റോ കാരണം ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതായാണ് കരുതുന്നത്.