രാജ്യം കാത്തിരിക്കുന്നത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്: അഡ്വമാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്നും ഇനിയൊരു തിരിച്ചുവരവില്ലെന്നുമൊക്കെ സങ്കല്പിച്ചവരുടെ മുന്നില്‍ ഈ പ്രസ്ഥാനം കരുത്തോടെ തിരിച്ചുവരുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണാന്‍ സാധിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ ഈ രാജ്യത്തിനു തന്നെ പ്രതീക്ഷ പകരുന്ന ഫലങ്ങളായിരിക്കും നല്‍കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ അതിശക്തമായ മുന്നേറ്റത്തെ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസി നിര്‍ദ്ദേശപ്രകാരമുള്ള മണ്ഡലം തല നേതൃയോഗങ്ങളുടെ ഉദ്ഘാടനം ധര്‍മ്മടം മണ്ഡലത്തില്‍ ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ വിമര്‍ശകര്‍ പോലും ഇന്ന് കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നയസമീപനങ്ങളിലുള്ള ജനങ്ങളുടെ അമര്‍ഷം കേരളത്തില്‍ മോദിയുടെ മറ്റൊരു പതിപ്പായ പിണറായി സര്‍ക്കാരിന്റെ സമീപനങ്ങളോടുമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. കേരളത്തില്‍ ലോകസഭായില്‍ ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയനും കൂട്ടരും. അഴിമതിക്കേസുകളില്‍ പരസ്പരം സംരക്ഷിച്ചു കൊണ്ടുള്ള സിപിഎം-ബിജെപി നേതാക്കളുടെ ധാരണ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. പുറമേ സംഘപരിവാര്‍ വിരുദ്ധത പ്രസംഗിച്ച് അകമേ അവരുമായി ബാന്ധവം കൂടുന്ന സിപിഎം നേതാക്കളുടെ കാപട്യത്തിനെതിരേ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതും. ഇരുപതില്‍ ഇരുപതുമെന്ന ലക്ഷ്യവുമായി യുഡഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും താഴേത്തലം വരെ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും അഡ്.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. യോഗത്തിൽ കെ പി സി സി അംഗം കെ സി മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ പാർളിമെൻറ് മണ്ഡലം ചുമതല വഹിക്കുന്ന കെ എൽ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പിയം നിയാസ് , വി എ നാരായണൻ, വി പി അബ്ദുൾ റഷീദ്, എം കെ മോഹനൻ, കണ്ടോത്ത് ഗോപി , രാജീവൻ പാന്നുണ്ട, കെ.ഒ സുരേന്ദ്രൻ, കെ വി ജയരാജൻ, കെ കെ ജയരാജൻ, പുതുക്കുടി ശ്രീധരൻ, കെ. ജയാനന്ദൻ , ബീന വട്ടക്കണ്ടി, ഇ കെ സുജാത തുടങ്ങിയവർ സംസാരിച്ചു