നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിളക്കുകൾ മിഴിതുറന്നു.
ധർമശാല:
പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം ഉത്സവാന്തരീക്ഷത്തിൽ നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിളക്കുകൾ മിഴിതുറന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആന്തൂർ നഗരസഭയെയും മയ്യിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നണിച്ചേരിക്കടവ് പാലത്തിന് ഇരുവശങ്ങളിലും സ്ഥാപിച്ച 50 വിളക്കുകളാണ് അലങ്കാര ദീപപ്രഭയിൽ തിളങ്ങിയത്. എംഎൽഎ ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകൾ ഒരുക്കിയത്.
അലങ്കാരവിളക്കുകളുടെ സ്വിച്ച്‌ഓൺ എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ, പി കെ മുഹമ്മദ്‌കുഞ്ഞി, എം ശ്രീഷ, എം അസൈനാർ, എൻ അനിൽകുമാർ, വത്സൻ കടമ്പേരി, സമദ് കടമ്പേരി എന്നിവർ സംസാരിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം വി അജിത സ്വാഗതവും അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഇ വിഷ്ണുദാസ് നന്ദിയും പറഞ്ഞു.
പിഡബ്ല്യുഡി ഇലക്ട്രിക് വിഭാഗമാണ് ജർമൻ സാങ്കേതികവിദ്യയോടെ ഗാൽവനൈസ്ചെയ്ത തുരുമ്പെടുക്കാത്ത വിളക്കുകൾ സ്ഥാപിച്ചത്. 700 മീറ്റർ ദൂരത്തിൽ സോളാർ പാനലുകളും കേബിളും സ്ഥാപിച്ച് ഊർജസംരക്ഷണത്തിന്റെ മാതൃകാ പദ്ധതിയായാണ് പൂർത്തിയാക്കിയത്.
മലയോര മേഖലകളിൽനിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡിലാണ് പാലം. പറശ്ശിനിക്കടവ് റിവർ ക്രൂസ്, മയ്യിൽ ടൂറിസം പദ്ധതികളുടെ വികസനത്തിനും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയിലൂടെ സാധിക്കും. അലങ്കാരവിളക്കുകളുടെ സൗന്ദര്യം ആസ്വദിക്കാൻ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലിയാണ് നണിച്ചേരിക്കടവ് പാലത്തിലെത്തിയത്.