പ്രീപെയ്ഡ് ഓട്ടോ: മൂന്നിന് യോഗം; അടിയന്തരമായി
സര്‍വ്വീസ് പുനരാരംഭിക്കാന്‍ നിര്‍ദേശം
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് ഒക്ടോബര്‍ മൂന്നിന് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് എത്രയും പെട്ടെന്ന് ഓട്ടോ സര്‍വ്വീസ് ആരംഭിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. മേയറുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ മൂന്നിന് രണ്ട് മണിക്ക് ഓട്ടോ തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥുടെയും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്് പൊലീസ് അറിയിച്ചു. ഈ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ കഴിഞ്ഞ ജില്ലാ വികസന സമിതി യോഗം ചുമതലപ്പെടുത്തിയിരുന്നു.
നഗരപരിധിയും ചാര്‍ജും സംബന്ധിച്ചാണ് നിലവില്‍ പ്രധാനമായും ഓട്ടോ തൊഴിലാളികള്‍ക്ക് എതിര്‍പ്പ് ഉള്ളതെന്നും ഇക്കാര്യത്തില്‍ അവരുടെ ആശങ്ക പരിഹരിച്ച് സമവായത്തില്‍ എത്താന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഒന്നര വര്‍ഷത്തിടിനയില്‍ നിരവധി തവണ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതായി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. നഗരത്തിലെത്തുന്ന യാത്രക്കാരുടെയും വിവിധ വിഭാഗമാളുകളുടെയും ആവശ്യമാണ് താന്‍ യോഗങ്ങളില്‍ നിരന്തരം ഉന്നയിച്ചത്. എന്നാല്‍ ആവശ്യമായ ഗൗരവത്തോടെ ഈ വിഷയം ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്തുവെന്ന് അഭിപ്രായമില്ല. തെറ്റായ രീതിയില്‍ ഈ വിഷയങ്ങള്‍ ചിത്രീകരിക്കപ്പെട്ടെന്നും എംഎല്‍എ പറഞ്ഞു. ആര്‍ക്കാണ് ചുമതല എന്നതല്ല, പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എ ഫണ്ടില്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് യഥാസമയം എസ്റ്റിമേറ്റുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഭരണാനുമതി വൈകുന്നത് പരിഹരിക്കണമെന്ന കഴിഞ്ഞ വികസന സമിതി യോഗത്തിലെ കെ പി മോഹനന്‍ എംഎല്‍എയുടെ നിര്‍ദേശത്തിന്‍മേല്‍ സാങ്കേതിക തടസ്സം ഒഴികെയുള്ള മുഴുവന്‍ പ്രൊപ്പോസലുകളും അംഗീകരിച്ചിട്ടുണ്ടെന്ന് എ ഡി സി( ജനറല്‍) യോഗത്തില്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ബാക്കിയുണ്ടെങ്കില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് മുഴുവന്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭ്യമാക്കാത്ത വിവരം എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും യോഗത്തില്‍ വ്യക്തമാക്കി.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി ലഭിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബാക്കിയുള്ളവയുടെ പുരോഗതി വിലയിരുത്തി. ഇത് സംബന്ധിച്ച് ഓരോ താലൂക്ക് തിരിച്ചുള്ള പരാതികളുടെ കണക്കുകള്‍ അവതരിപ്പിച്ചു. കരുതലും കൈത്താങ്ങും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ഒക്ടോബര്‍ മൂന്നിന് കളക്ടറുടെ ചേമ്പറില്‍ യോഗം ചേരുന്നതിനും വികസന സമിതിയില്‍ തീരുമാനമായി.
എ.ഡി.എം കെ കെ ദിവാകരന്‍ അധ്യക്ഷനായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പാടിയത്ത്, എംപിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.