മാലിന്യസംസ്കരണത്തിൽ: അന്ത്യശാസനവുമായി കോർപ്പറേഷൻ
കണ്ണൂർ : കോർപ്പറേഷൻ പരിധിയിൽ അജൈവമാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറാനുള്ള പദ്ധതിയിൽ അംഗമാകാൻ ഒരവസരം കൂടി. ഒക്ടോബർ 10 ആണ് അവസാന തീയതി. മിസ്ഡ് കോൾ അടിച്ചാൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടാകും.
കോർപ്പറേഷനു കീഴിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കും എതിരേ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണിത്. പിഴ ചുമത്തൽ, കോർപ്പറേഷനിലെ അവശ്യസേവനങ്ങൾ തടയൽ എന്നിവയായിരിക്കും സഹകരിക്കാത്തവർക്കുള്ള നടപടി. കോർപ്പറേഷൻ ഏർപ്പെടുത്തിയ മൊബൈൽ നമ്പറിൽ മിസ്ഡ് കോൾ അടിച്ചാൽ ബന്ധപ്പെട്ട ജീവനക്കാർ തിരികെവിളിച്ച് രജിസ്റ്റർ നടപടി സ്വീകരിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ലാൻഡ് ഫോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനം ഏകോപിപ്പിക്കാനായി രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഓഫീസ് സമയത്ത് ഈ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ വിളിച്ച് പരാതിയറിയിക്കാം. വാർഡ് കൗൺസിലർമാർ ഇക്കാര്യത്തിൽ വീട്ടുടമയെയും സ്ഥാപന ഉടമയെയും സഹായിക്കും.
മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നതിനെതിരേ സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം കർശനനടപടിയുമായി രംഗത്തെത്തിയത്.
ഫോൺ നമ്പറുകൾ ഇവ
മിസ്ഡ് കോൾ നമ്പർ: 8593000022.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാൻഡ് ഫോൺ നമ്പർ: 0497-3501001. ചുമതലയുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ഫോൺ: 7012793909, 9605034840.