നബിദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി; ഇനി പ്രവാചക പ്രകീർത്തനങ്ങളുടെ ദിനരാത്രങ്ങൾ
Kannadiparamba online news ✍️
കണ്ണാടിപ്പറമ്പ: നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാളത്തെ സുദിനത്തിൽ (റബീഉൽ അവ്വൽ 12) മീലാദാഘോഷത്തിന്റെ ഭാഗമായി നാട്ടിലെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്റസ, ദര്‍സ്, ദഅ് വ കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
കണ്ണാടിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. റബീഉല്‍ അവ്വലിന്റെ തുടക്കം മുതല്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകള്‍ ആരംഭിച്ചിരുന്നു. നാളെ പുലര്‍ച്ചെ മുതൽ മസ്ജിദുകളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ നടക്കും. ഇശലുകള്‍ ചാലിച്ച ബൈത്തുകള്‍ക്കൊപ്പിച്ച ഈരടികളുമായി ദഫ്മുട്ടും അറബനയും മധുരവിതരണവുമായി നബിദിന റാലികള്‍ നടക്കും. പള്ളികളും സ്ഥാപനങ്ങളും അലങ്കാര വിളക്കുകള്‍ തെളിച്ച് വര്‍ണാഭമാക്കിയിട്ടുണ്ട്. പല നഗരവീഥികളും രാത്രികാലങ്ങളില്‍ ദീപാലംകൃതമാണ്. വിപണിയില്‍ തൊപ്പിയുടെയും അത്തറിന്റെയും വില്‍പ്പന സജീവമാണ്. വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
