കമ്പിൽ ടൗണിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു
കമ്പിൽ : കമ്പിൽ ടൗണിൽ ശുചിത്വമാലിന്യ സംസ്ക്കരണ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ക്വിന്റൽ വരുന്ന നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പേപ്പർ തെർമോകോൾ പ്ലേറ്റുകൾ തുടങ്ങിയവയാണ് കൊളച്ചേരി, നാറാത്ത് പഞ്ചായത്ത് അധികൃതരുമായി ചേർന്ന് സ്ക്വാഡ് പിടിച്ചെടുത്തത്.
നിരോധിത ഉൽപന്നങ്ങൾ കണ്ടെടുത്ത കമ്പിൽ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്കാഡ് ലീഡർ ഇ.പി സുധീഷിനോടൊപ്പം സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ,സുമേഷ് ഇ.കെ , ഷിബിൻ ജെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്മ പി, നിവേദിത കെ.വി , എന്നിവരും പങ്കെടുത്തു.