Home KANNUR ചിറക്കൽ ചിറ സൗന്ദര്യവൽക്കരണത്തിന് 50 ലക്ഷം
KANNUR - September 22, 2023

ചിറക്കൽ ചിറ സൗന്ദര്യവൽക്കരണത്തിന് 50 ലക്ഷം

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറകളിലൊന്നായ ചിറക്കൽ ചിറ ഇനി കൂടുതൽ സുന്ദരമാകും. സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവൽക്കരണ പ്രവൃത്തി നടത്തുക. നേരത്തെ ഹരിതകേരളം ടാങ്ക്‌സ് ആൻഡ് പോണ്ട്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ നവീകരിച്ചിരുന്നു.
14 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചെളിയും നീക്കിയും പടവുകൾ പുനർനിർമ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയും നേരത്തെ നവീകരിച്ചിരുന്നു. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റർ മണ്ണാണ് അന്ന് ചിറയിൽനിന്ന് നീക്കം ചെയ്തത്. നവീകരണം പൂർത്തിയായതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററിൽ നിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയരുകയും പ്രദേശത്തെ ഭൂഗർഭജലനിരപ്പ് വർധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കെ വി സുമേഷ് എം എൽ എ യുടെ നിവേദനത്തെ തുടർന്ന് നവീകരിച്ച ചിറയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ തന്നെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സൗന്ദര്യവൽക്കരണത്തിന് തുക അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ചിറക്ക് ചുറ്റം ഇന്റർ ലോക്ക് ചെയ്ത് വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും സന്ദർശകർക്ക് ഇരിപ്പിടം ഒരുക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവൃത്തി. സാങ്കേതിക നടപടികൾ പൂർത്തിയാക്കി വേഗത്തിൽ പ്രവൃത്തി ആരംഭിക്കുമെന്നും സായാഹ്നം ചെലവഴിക്കാൻ നിരവധിപ്പേരാണ് ഇപ്പോൾ ഇവിടെ എത്തുന്നതെന്നും കെ.വി.സുമേഷ് എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും