വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു
തളിപ്പറമ്പ്: വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് പൂവം സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിക്കെതിരെ കേസ്.പൂവം കാർക്കീൽ സ്വദേശി പുന്നക്കൻ ബഷീറിൻ്റെ പരാതിയിലാണ് പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി ആഷിഖ് ഖാനെ (33) തിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ആഗസ്ത് 11 ന് ഉച്ചക്കാണ് കാക്കത്തോട് ബസ് സ്റ്റാൻ്റിന് സമീപം വെച്ച്10 ലക്ഷം രൂപയുടെ റിയാൽ തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതിയും സുഹൃത്തും 7, 35,000 രൂപ വാങ്ങി സ്ഥലം വിട്ടത്. പണം തട്ടിയെടുത്ത് മുങ്ങിയതോടെ പോലീസിൽ പരാതിയുമായി എത്തുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
അതേ സമയം നിരവധി പേരെയാണ് ഇരട്ടി തുകക്ക് വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതി വഞ്ചിച്ചത്. മയ്യിൽ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ വളപട്ടണം പോലീസ് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയ പോലീസ് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻ്റ് ചെയ്യുകയുമായിരുന്നു.