പോലീസ് ഫ്രൻഡ്‌ലി കാഡറ്റിന്റെ ഭാഗമായ 13 പേർക്ക് സേനകളിൽ നിയമനം
കണ്ണൂർ : വിവിധ സേനകളിലേക്ക് സേവനം ചെയ്യാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി സേനയുടെ ഭാഗമാക്കുന്ന പോലീസ് ഫ്രൻഡ്‌ലി കാഡറ്റ് പദ്ധതിയുടെ ഭാഗമായ 13 പേർക്ക് നിയമനം. എസ്.ഐ., ഫയർമാൻ, അസം റൈഫിൾ, സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., എക്സൈസ് എന്നീ വിവിധ സേനകളിലാണ് നിയമനം ലഭിച്ചത്.
കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ പരിശീലകൻ ടൗൺ ട്രാഫിക് എസ്.ഐ. പി.പി. രാജേന്ദ്രനാണ്. 2017-ൽ അന്നത്തെ ടൗൺ സി.ഐ.യായിരുന്ന ടി.കെ. രത്നകുമാറാണ് ഡി.ഐ.ജി.യായിരുന്ന സേതുരാമന്റെ പ്രത്യേക താത്പര്യ പ്രകാരം പോലീസ് ഫ്രൻഡ്‌ലി കാഡറ്റ് പദ്ധതി ആരംഭിച്ചത്. നിലവിൽ 2000-ലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. വിവിധ സേനകളിൽ സേവനം ചെയ്യാൻ താത്പര്യമുള്ള പ്ലസ് ടു കഴിഞ്ഞവർക്ക് സൗജന്യമായിട്ടാണ് പരിശീലനം നൽകുന്നത്. ഇതിനകം 150-ൽപരം പേർ സേനയുടെ ഭാഗമായിക്കഴിഞ്ഞു. കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സൗജന്യ പരിശീലനം നൽകുന്നതെന്ന് എ.സി.പി. പറഞ്ഞു.
പോലീസ് പരേഡ് ഗ്രൗഡിൽ നടന്ന അനുമോദന ചടങ്ങിൽ എ.സി.പി. ടി.കെ. രത്നകുമാർ ഉദ്യോഗാർഥികൾക്ക് ഉപഹാരം നൽകി.