അവശനിലയിലായ വയോധികക്ക് തുണയായി കോവിഡ് വളണ്ടിയർമാർ
കണ്ണാടിപ്പറമ്പ: അവശനിലയിൽ കണ്ടെത്തിയ അനാഥയായ വയോധികയ്ക്ക് തുണയായി നാടിനഭിമാനമായി മാറിയിരിക്കുകയാണ് ഇവിടെ ഒരുപറ്റം യുവാക്കൾ. കണ്ണാടിപ്പറമ്പ കൊറ്റാളിക്കാവിനു സമീപം താമസിക്കുന്ന യശോദ എന്ന സ്ത്രീയെയാണ് രാവിലെ 11 മണിയോടെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളിലൊരാൾ വിളിച്ചറിയിച്ച ഉടൻ മുഹമ്മദ് കുഞ്ഞി പാറപ്പുറം, എം.പി കെയർ കൊവിഡ് വളണ്ടിയർമാരായ പറമ്പൻ രാജീവൻ, ആനന്ദ് എന്നിവർ സ്ഥലത്തെത്തുകയായിരുന്നു. ഇവർ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ വിളിച്ചറിയിച്ച് വയോധികയെ ആശുപത്രിയിലെത്തിക്കുകയും, കൊവിഡ് പരിശോധനയും കഴിഞ്ഞ് അടിയന്തിര ശുശ്രൂഷക്ക് ശേഷം വീട്ടിലെത്തിച്ചപ്പോൾ താമസയോഗ്യമല്ലാത്ത വീടും മറ്റാരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയുമാണ് കണ്ടത്. ഉടൻ തന്നെ കിഷോർ കർത്ത എന്നയാളെ വിവരമറിയിക്കുകയും സ്വന്തം തറവാട്ടു വീട്ടിൽ കിടത്തി വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുകയും ചെയ്തു. ഒരു സ്ത്രീയായതിനാലും അവശനിലയിലായതിനാലും കൂടുതൽ സമയം അവിടെ കിടത്താൻ കഴിയാതെ വന്നപ്പോൾ ‘തണൽ വീട്’ ചാരിറ്റി സംഘടനയെ വിവരമറിയിക്കുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റഷീദയുടെ നേതൃത്വത്തിൽ സംഘടനയെ ഏൽപ്പിക്കുകയുമാണ് ചെയ്തത്.
ഈ സമയമത്രയും ഈ അനാഥയായ വയോധികയ്ക്കു വേണ്ടി കൂടെ നിന്ന മുഹമ്മദ് കുഞ്ഞി പാറപ്പുറം, പറമ്പൻ രാജീവൻ, ആനന്ദ്, കിഷോർ കർത്ത, പ്രജിത്ത് മാതോടം എന്നിവർ നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.


