പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രത്തിലെത്തുന്നവർ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നു; മയ്യിൽ പൊലീസ് പിഴ ഈടാക്കാൻ തുടങ്ങി
Kannadiparamba online news ✍️
കണ്ണാടിപ്പറമ്പ: പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് പ്രദേശത്ത് വൻഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ വൻജനാവലിയാണ് കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്ന് അവധി ദിനം കൂടിയായതിനാൽ നിരവധി പേരാണ് ദൂരെ ദിക്കുകളിൽ നിന്നു പോലും കേന്ദ്രത്തിലെത്തിയത്. കുടുംബസമേതവും സുഹൃത്തുക്കളോടൊപ്പവും മറ്റും എത്തിച്ചേർന്ന് ഫോട്ടോ എടുത്തും പ്രകൃതിയുടെ തനത് ഭംഗി ആസ്വദിച്ചും ഭക്ഷണം കഴിച്ചും പലരും ഏറെ സമയം ഇവിടെ ചെലവഴിച്ചു. ടൂറിസം കേന്ദ്രത്തിനു പുറത്തുള്ള പാർക്കിങ് ഏരിയ മതിയാകാതെ വന്നപ്പോൾ റോഡിന് ഇരുവശവും മാത്രമല്ല, പുല്ലൂപ്പി പാലത്തിനു മുകളിലും പലർക്കും വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. ഇതു രൂക്ഷമായ ഗതാഗത തടസ്സത്തിന് വഴിവെച്ചു. തുടർന്ന് മയ്യിൽ പൊലീസ് സ്ഥലത്തെത്തി ബൈക്കുകൾ ഉൾപ്പെടെ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ചുമത്തി. ഇന്നു വൈകീട്ട് 5 മണിയോടെയാണ് പ്രദേശത്ത് പ്രധാനമായും വൻതിരക്ക് അനുഭവപ്പെട്ടത്. വരുംദിനങ്ങളിൽ ഈ അവസ്ഥ തുടരുകയാണെങ്കിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുമെന്ന് മയ്യിൽ പൊലീസ് ‘കണ്ണാടിപ്പറമ്പ ഓൺലൈനി’നോടു പറഞ്ഞു.
അതേസമയം, പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. ജലസാഹസിക ടൂറിസത്തിന് അനുയോജ്യ കേന്ദ്രമായ ഇവിടെ 4.15 കോടി രൂപയുടെ പദ്ധതിയാണ് ഒരുക്കിയത്. കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് സമർപ്പിച്ച വിശദ രേഖ അംഗീകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. സൂര്യാസ്തമയം കാണാനുള്ള ഇരിപ്പിടങ്ങളോടുകൂടിയ പാർക്ക്, ചിത്രപ്പണികളോടെയുള്ള വിളക്കുകാലുകൾ, വാട്ടർ സ്‌പോർട്സ് ആക്ടിവിറ്റികൾ, നടപ്പാതകൾ, സൈക്ലിങ് പാത, കഫ്‌റ്റേരിയ, ഫ്ലോട്ടിങ് റസ്റ്റോറന്റ്, കടമുറികൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മുംബൈയിൽ നിന്ന് ഇറക്കുമതി ചെയ്‌ത വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന 16 മീറ്റർ നീളമുള്ള പാലത്തോടുകൂടിയ ഫ്ലോട്ടിങ് ഡൈനിങ്ങുകളും സിങ്കിൾ ഡൈനിങ്ങുകളും പുഴയോര കാഴ്ചയ്ക്ക് മിഴിവേകുന്നുണ്ട്. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടനപ്പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്തും സമൃദ്ധമായ പുല്ലൂപ്പിക്കടവ് വരുംദിനങ്ങളിൽ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്നതിൽ തെല്ലും സംശയമില്ല.