കണ്ണൂരിന് അഭിമാനമായി ഒമർ അബൂബക്കർ,രാഹുൽ ദാസ്
പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ പോണ്ടിച്ചേരിയിൽ നടത്തുന്ന 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ സംസ്ഥാന ഏകദിന ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ ഒമർ അബൂബക്കർ പാഡണിയും. കണ്ണൂർക്കാരനായ എ.കെ.രാഹുൽ ദാസാണ് കേരള ടീമിൻറെ ട്രെയിനർ .സെപ്റ്റംബർ 18 മുതൽ 30 വരെ നടക്കുന്ന ടൂർണമെന്റിൽ 8 ടീമുകൾ മാറ്റുരയ്ക്കുന്നു. കേരളത്തിന് പുറമേ പോണ്ടിച്ചേരി, ഹിമാചൽ പ്രദേശ്, ബംഗാൾ,വിദർഭ, ഝാർഖണ്ഡ്,ത്രിപുര,ചത്തീസ്ഗഡ് എന്നീ ടീമുകൾ പങ്കെടുക്കും.സെപ്റ്റംബർ 18 ന് പോണ്ടിച്ചേരിയുമായിട്ടാണ് കേരളത്തിൻറെ ആദ്യ മൽസരം.
വലംകൈയ്യൻ ഓപ്പണിങ് ബാറ്ററായ ഒമർ അബൂബക്കർ അണ്ടർ 14,അണ്ടർ 16,അണ്ടർ 19 കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ് .തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമാണ്. കണ്ണൂർ കസാനക്കോട്ട അമർ വില്ലയിൽ കെ.പി.നൗഷാദിൻറേയും എം.ഷാജുവിൻറേയും മകനായ ഒമർ എം കോം വിദ്യാർഥിയാണ്.
ബി സി സി ഐ ‘ലെവൽ എ’ സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു.അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുൽ. സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ ബ്രണ്ണൻ കോളേജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്ബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്,തലശ്ശേരി ബി .കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ലാ ലീഗ് മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്.തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്,സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ട് പറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമ്മടം അട്ടാരക്കുന്ന് രമണികയിൽ ദാസൻറേയും രമണിയുടേയും മകനാണ്.ഭാര്യ മിഥുന. സഹോദരൻ രോഹിൽ ദാസ്.