അഴീക്കലിൽ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
അഴീക്കോട് : അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയി തിരിച്ചുവരികയായിരുന്ന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30-ഓടെയാണ് സംഭവം.
നീർക്കടവിലെ കെ.പി. സനീഷിന്റെ ഉടമസ്ഥതയിലുള്ള ദുർഗാംബിക എന്ന വലിയ വള്ളത്തിന്റെ കൂടെയുള്ള അനുബന്ധ വള്ളമായ ശിവദുർഗയാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന കെ.പി. രാഹുൽ (30), കെ.പി. പ്രവീൺ (29), ഒഡിഷ സ്വദേശി ഗുർമോഹൻ (28) എന്നിവരാണ് രക്ഷപ്പെട്ടത്. മീനുമായി തിരിച്ചുവരുന്നതിനിടയിൽ പുലിമുട്ട് ഭാഗത്ത് തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മീനുകൾ കടലിൽ നഷ്ടമായി. അഴീക്കൽ തീരദേശ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവ ചേർന്ന് മത്സ്യത്തൊഴിലാളികളെയും വള്ളവും കരയ്ക്കെത്തിച്ചു.