ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കരുത്: എം വി ജയരാജൻ
കണ്ണൂർ: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് സാധാരണക്കാരായ യാത്രക്കാരെ കൊള്ളയടിക്കുന്ന റെയിൽവേ നടപടി പിൻവലിക്കണമെന്ന് റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. മാവേലി, മലബാർ എക്‌സ്‌പ്രസുകളും ചെന്നൈ മെയിലും വെസ്റ്റ്‌കോസ്റ്റും വടക്കൻ കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന ട്രെയിനുകളാണ്. സ്ലീപ്പർ കോച്ചുകളിൽ എല്ലായ്‌പ്പോഴും റിസർവേഷൻ പൂർണമാണ്. വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കും സീറ്റോ ബർത്തോ ഈ ട്രെയിനുകളിൽ കിട്ടാറില്ല. ഇ–-ടിക്കറ്റെടുത്തവർ റിസർവേഷൻ കിട്ടാതെ പാതിവഴിയിൽ യാത്ര ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാകാറുണ്ട്. നാലിരട്ടി നിരക്ക് ഈടാക്കുന്ന തൽക്കാൽ ടിക്കറ്റിലേക്ക് കൂടുതൽ സീറ്റുകൾ മാറ്റിവച്ചതോടെ സാധാരണക്കാർ മാസങ്ങൾക്ക് മുമ്പ് റിസർവ് ചെയ്താലും ബർത്ത് കിട്ടാറില്ല. ഇപ്പോൾ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് ത്രീ ടയർ എസിയാക്കുന്ന റെയിൽവേ നടപടി ഇരട്ടക്കൊള്ളയാണ്. സാധാരണക്കാരെ ദ്രോഹിക്കുന്ന ഈ നടപടിക്കെതിരെ പ്രതിഷേധമുയർത്തണമെന്ന് എം വി ജയരാജൻ അഭ്യർഥിച്ചു.