കമ്പിൽ ടൗണിൽ സംഘടിപ്പിച്ച ചടയൻ ദിനാചരണം എം.എ. ബേബി ഉദ്ഘാടനം ചെയ്തു
കമ്പിൽ : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത് ഉമ്മൻ ചാണ്ടിതന്നെയാണെന്ന ചാണ്ടി ഉമ്മന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കമ്പിൽ ടൗണിൽ സി.പി.എം. മയ്യിൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടയൻ ദീനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടതുപക്ഷവിരുദ്ധ ശക്തികൾക്ക് നല്ല സ്വാധീനമുണ്ടെന്നും ചില പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് വലതുപക്ഷം വളരുകയാണെന്നുമുള്ള പ്രചാരണം വലിയ തോതിൽ നടക്കുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേരളത്തിലും ഇന്ത്യയിലും ഇത്തരം നിരവധി താത്കാലിക വിജയങ്ങൾ ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയരംഗത്ത് അതിവേഗം മാറ്റങ്ങളുണ്ടാകും. 1977-ൽ ഇന്ദിരാഗാന്ധി ഉത്തരേന്ത്യയിൽ തോറ്റ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന് ഒരു സീറ്റുപോലും കിട്ടാത്ത സംഭവമുണ്ടായിട്ടുണ്ട്. പുതുപ്പള്ളി ഫലം വിശദമായും വിമർശനാത്മകമായും പരിശോധിക്കും. പുതുപ്പള്ളിയെ ചിന്തിച്ച് ദുഃഖിച്ചിരിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ പി. പവിത്രൻ അധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ. അനിൽകുമാർ, കെ.സി. ഹരികൃഷ്ണൻ, കെ. ചന്ദ്രൻ, എൻ. ചന്ദ്രൻ, ബിജു കണ്ടക്കൈ, എൻ. അശോകൻ, പി. പവിത്രൻ, എൻ.കെ. രാജൻ എന്നിവർ സംസാരിച്ചു. കൊളച്ചേരിമുക്കിൽനിന്ന് കമ്പിൽ ടൗണിലേക്ക് ബഹുജനപ്രകടനവും നടന്നു.