Home KANNUR അഞ്ചരക്കണ്ടിയിൽ എല്ലാ വർഷവും ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തും: മന്ത്രി മുഹമ്മദ്‌ റിയാസ്
KANNUR - September 9, 2023

അഞ്ചരക്കണ്ടിയിൽ എല്ലാ വർഷവും ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തും: മന്ത്രി മുഹമ്മദ്‌ റിയാസ്

വൻ ജനപങ്കാളിത്തം കൊണ്ട് വിജയമായതിനാൽ അഞ്ചരക്കണ്ടിയിൽ എല്ലാ വർഷവും ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ അഞ്ചരക്കണ്ടി വള്ളംകളിയും ഇടം നേടുകയാണ്-മന്ത്രി പറഞ്ഞു. മുഴപ്പിലങ്ങാട് കടവിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 13 ടീമുകൾ ആണ് വാശിയേറിയ മത്സരത്തിൽ പങ്കെടുത്തത്.

ആവേശം നിറച്ച് ചുരുളൻ വള്ളങ്ങൾ; ജനകീയ ഉത്സവമായി
ചാമ്പ്യൻസ് ബോട്ട് ലീഗ്

അഞ്ചരക്കണ്ടി പുഴയുടെ ഓളങ്ങളെ ആവേശ തിമിർപ്പിലാക്കി ചുരുളൻ വള്ളങ്ങൾ മത്സരിച്ചു തുഴയെറിഞ്ഞപ്പോൾ അഞ്ചരക്കണ്ടി ജനകീയ ഉത്സവമായി ചാമ്പ്യൻസ് ബോട്ട് ലീഗ്. ഉത്തര മലബാറിൽ ആദ്യമായി വിരുന്നെത്തിയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സി ബി എല്ലിനെ പുഴയുടെ ഇരുകരകളിലുമായി തടിച്ചു കൂടിയ ആയിരങ്ങൾ ഹർഷാരവത്തോടെ നെഞ്ചിലേറ്റി.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് അരങ്ങേറിയത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള 13 ചുരുളൻ വളങ്ങളാണ് പങ്കെടുത്തത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ വീതം അണിനിരന്നു.
നാല് ഹീറ്റ്സുകളിൽ വയൽക്കര മയ്യിച്ച, എകെജി മയ്യിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ശ്രീ വയൽക്കര വെങ്ങാട്ട്, ഇഎംഎസ് മുഴക്കീൽ, റെഡ്സ്റ്റാർ കാര്യങ്കോട്, പാലിച്ചോൻ അച്ചാംതുരുത്തി എ ടീം, പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം, എ കെ ജി പൊടോത്തുരുത്തി എ ടീം, എ കെ ജി പൊടോത്തുരുത്തി ബി ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി, മേലൂർ സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ്ബ് എന്നിവർ ആവേശം വിതച്ചു. ആദ്യ മൂന്ന് ഹീറ്റ്സുകളിൽ മൂന്ന് വീതവും നാലാം ഹീറ്റ്സിൽ നാലും ടീമുകൾ മത്സരിച്ചു. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടന്നു.
ഷൈജു ദാമോദരൻ, ജോളി ചമ്പക്കുളം എന്നിവരുടെ തത്സമയ. ദൃക്‌സാക്ഷി വിവരണം വള്ളംകളി പ്രേമികളുടെ ആവേശം ഇരട്ടിപ്പിച്ചു.
സി ബി എൽ കഴിഞ്ഞ വർഷം ചാലിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉത്തര മലബാറിൽ ജലോത്സവം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും