നാറാത്ത് പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പതിമൂന്നാം വാർഡിനു സമീപം വീടുകൾ കയറിയിറങ്ങി നാടോടി സ്ത്രീകൾ
പാറപ്പുറം: നാറാത്ത് പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പതിമൂന്നാം വാർഡിനു സമീപം വീടുകൾ കയറിയിറങ്ങി നാടോടി സ്ത്രീകൾ. അനിയന്ത്രിതമായ കൊവിഡ് വ്യാപനം മൂലം കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ ഒരാഴ്ച മുമ്പ് പൂർണ്ണമായും അടച്ചിട്ടതാണ് പതിമൂന്നാം വാർഡായ പുല്ലൂപ്പി വെസ്റ്റ്.
അഞ്ചോളം നാടോടി സ്ത്രീകളെയാണ് പതിമൂന്ന് – പതിനാല് (നിടുവാട്ട്) വാർഡുകളുടെ അതിർത്തിയായ പാറപ്പുറത്ത് ഇന്നു രാവിലെ മുതൽ ഭിക്ഷ യാചിച്ച് വീടുകൾ കയറിയിറങ്ങുന്നതായി നാട്ടുകാർ കണ്ടത്. വേണ്ട വിധം മാസ്‌ക് പോലും ധരിക്കാതെയാണ് ഇവർ സഞ്ചരിക്കുന്നത്.
ഇത്തരക്കാരുടെ വീട് കയറിയിറങ്ങിയുള്ള സഞ്ചാരം കുട്ടികൾക്ക് അടക്കം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് പ്രദേശവാസികളിലൊരാൾ ‘കണ്ണാടിപ്പറമ്പ ഓൺലൈനി’നോടു പറഞ്ഞു. പ്രദേശത്തെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണർത്തുമ്പോൾ പെട്ടെന്ന് കോപിച്ച് ഇവർ തൊട്ടടുത്ത വീടുകളിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പതിമൂന്നാം വാർഡ് മെമ്പർ കെ.വി സൽമത്ത് മയ്യിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.


അതേസമയം, പതിമൂന്നാം വാർഡിൽ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണമാണ് ഉള്ളതെന്ന് നാറാത്ത് പഞ്ചായത്ത് സെക്ടർ മജിസ്‌ട്രേറ്റ് അജയൻ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിയന്ത്രണം വെട്ടിച്ച് വല്ലവരും ഇതുവഴി പോവുകയാണെങ്കിൽ അത്തരക്കാർക്കെതിരെ കടുത്ത നിയമനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.


