മാസങ്ങൾക്ക് മുമ്പ് കാണാതായ പുതിയതെരുവിലെ ബേക്കറി ജീവനക്കാരനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി
വളപട്ടണം: ദുരൂഹ സാഹചര്യത്തിൽ പുതിയതെരുവിൽ നിന്നും കാണാതായ ബേക്കറി ജീവനക്കാരനെ മാസങ്ങൾക്ക് ശേഷം വളപട്ടണം പൊലീസിൻ്റെ അന്വേഷണത്തിൽ ഏറണാകുളത്ത് കണ്ടെത്തി. പുതിയ തെരുവിലെ അപ്പൂസ് ബേക്കറി ജീവനക്കാരൻ പാപ്പിനിശ്ശേരി അരോളി സ്വദേശി പപ്പൻ എന്ന പത്മനാഭനെ (65)യാണ് ഏറണാകുളം കലൂരിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് പത്മനാഭനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സ്വിച്ച് ഓഫാക്കിയതായി കണ്ടെത്തിയതോടെ അന്വേഷണം പാതിവഴിയിൽ നിലച്ചിരുന്നു. ഇതിനിടെ ഇയാളുടെ പേരിലുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തതിൻ്റെ ആധാർ കാർഡ് തപാൽ വഴി വീട്ടിൽ എത്തിയതോടെ വീട്ടുകാർ വിവരം വളപട്ടണം പൊലീസിനു കൈമാറി. തുടർന്ന് വളപട്ടണം ഇൻസ്പെക്ടർ എം.ടി ജേക്കബിൻ്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ഉണ്ണികൃഷ്ണൻ ആധാർ കാർഡ് പരിശോധിച്ചപ്പോൾ ലഭിച്ച മറ്റൊരു ഫോൺ നമ്പർ കണ്ടെത്തുകയും ഈ മൊബൈൽ നമ്പർ അന്വേഷണത്തിൽ വഴിത്തിരിവാവുകയും പ്രസ്തുത നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏറണാകുളം സിറ്റി പൊലീസിൻ്റെ സഹായത്തോടെ ഇയാളെ കണ്ടെത്തിയത്. വളപട്ടണം പൊലീസ് ഇയാളെ ഇന്ന് നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.