ക്രിക്കറ്റിൽ കണ്ണൂരിന്റെ തിളക്കമാവാൻ തീർഥ
കണ്ണൂർ:
ക്രിക്കറ്റിൽ തിളങ്ങാൻ മോറാഴ സ്വദേശിനി തീർഥ സുരേഷ്. കണ്ണൂർ ഗോ ഗെറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയിലെ വിദ്യാർഥിയായ തീർഥയ്‌ക്ക് മുൻ ഇന്ത്യൻ ടീം ക്യാപ്‌റ്റനും ദേശീയ ടീമിന്റെ മുഖ്യപരിശീലകനുമായ രവി ശാസ്‌ത്രിയുടെ പരിശീലനകേന്ദ്രത്തിൽ പ്രവേശനം ലഭിച്ചതായി ഡയറക്ടർ എ കെ ഷെരീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെന്നൈയിലെ ‘കോച്ചിങ് ബിയോണ്ട്’ എന്ന പരിശീലന കേന്ദ്രത്തിൽ മൂന്നുവർഷത്തെ സ്‌കോളർഷിപ്പോടെയാണ് പ്രവേശനം. പ്രതിമാസം 45,000 രൂപ പ്രകാരം മൂന്നുവർഷത്തേക്ക് 16 ലക്ഷത്തിലധികം രൂപ ഫീസായി നൽകുന്നത് ഹിന്ദുസ്ഥാൻ യൂണിലിവറാണ്.
2018 കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് തീർഥ ഗോ ഗെറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നത്. എട്ടാംക്ലാസ് മുതൽ കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലാണ് പഠനം. 15 വയസിൽ താഴെയുള്ളവരുടെ ദേശീയ മത്സരത്തിൽ കഴിഞ്ഞ വർഷം കേരളത്തിനുവേണ്ടി കൂടുതൽ വിക്കറ്റ് നേടിയ പ്രകടനമാണ് തീർഥയ്‌ക്ക് പ്രവേശനം ലഭിക്കാൻ ഇടയാക്കിയത്. ചെന്നൈയിൽ പരിശീലനത്തിന് പോയതോടെ സ്‌കൂൾ പഠനം വിദൂരവിദ്യാഭ്യാസത്തിലേക്ക് മാറി.
ക്രിക്കറ്റ് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് വലംകൈ ഫാസ്‌റ്റ് ബൗളറായ തീർഥ പറഞ്ഞു. കെഎസ്‌ആർടിസി കണ്ടക്ടർ എം സുരേഷിന്റെയും സ്‌കൂൾ അധ്യാപിക ലീനയുടെയും മകളാണ്. സഹോദരൻ കാശിനാഥ് ആറാം ക്ലാസ് വിദ്യാർഥിയാണ്. വാർത്താസമ്മേളനത്തിൽ എം സുരേഷ്, പ്രിയങ്ക നിജിൽ എന്നിവർ പങ്കെടുത്തു.