കേന്ദ്ര നയത്തിനെതിരെ 11 കേന്ദ്രങ്ങളിൽ ജനകീയ പ്രക്ഷോഭം: എം വി ജയരാജൻ
കണ്ണൂർ:
വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക ഉപരോധവും സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 11 മുതൽ 15വരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന ജനകീയ പ്രതിഷേധത്തിൽ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത യുഡിഎഫ് എംപിമാരുടെ കാപട്യവും തുറന്നുകാട്ടുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പയ്യന്നൂരിൽ 13ന് കെ പി സതീഷ്ചന്ദ്രനും ധർമ്മശാലയിൽ 11ന് എം വി ജയരാജനും ശ്രീകണ്ഠപുരത്ത് 15ന് പി കെ ശ്രീമതിയും പഴയങ്ങാടിയിൽ 12ന് ടി വി രാജേഷും പാപ്പിനിശേരിയിൽ 15ന് പി ജയരാജനും കണ്ണൂരിൽ 14ന് ഇ പി ജയരാജനും മമ്പറത്ത് 13ന് എൻ ചന്ദ്രനും തലശേരിയിൽ 15ന് വത്സൻ പനോളിയും പാനൂരിൽ 14ന് എം വി ജയരാജനും മട്ടന്നൂരിൽ 15ന് കെ കെ ശൈലജയും ഇരിട്ടിയിൽ 14ന് വി ശിവദാസനും ഉദ്‌ഘാടനം ചെയ്യും.
ചടയൻ ഗോവിന്ദൻ ചരമവാർഷികദിനം ഒമ്പതിന് പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും ആചരിക്കും. രാവിലെ 8.30ന് പയ്യാമ്പലത്ത് പുഷ്പാർച്ചനയും വൈകിട്ട് അഞ്ചിന് കമ്പിൽ ടൗണിൽ ബഹുജന പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പങ്കെടുക്കും. പയ്യാമ്പലത്തേക്കുള്ള പ്രകടനം രാവിലെ എട്ടിന് സ്റ്റേഡിയം കോർണറിൽനിന്നാരംഭിക്കും.
15ന് സാമ്രാജ്യത്വവിരുദ്ധ ദിനത്തിൽ മോറാഴയിലും തലശേരിയിലും ചിറക്കുനിയിലും അനുസ്മരണപരിപാടികൾ സംഘടിപ്പിക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ആദ്യത്തെ രക്തസാക്ഷികളാണ് തലശേരിയിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനിടെ പൊലീസുകാരുടെ വെടിയേറ്റ് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന അബുവും ചാത്തുക്കുട്ടിയും. ഇത്തവണ രക്തസാക്ഷി സ്മരണ ഉയർത്തിപ്പിടിക്കുമ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിനീതവിധേയനായ മോഡിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ ജനങ്ങളെ അണിനിരത്തുകയെന്ന കടമയാണ് പാർടി ഏറ്റെടുത്തിരിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.