കണ്ണൂരിൽ ഭാരത് ജോഡോ യാത്രാ വാർഷികം നടത്തി; ഇന്ത്യയുടെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ദുഷ്ടലാക്കെന്ന് കെ.സി വേണുഗോപാൽ


കണ്ണൂര്‍: ഇന്ത്യയുടെ പേര് മാറ്റാനുള്ള മോദിസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ ദുഷ്ട ലാക്കുണ്ടെന്ന് സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികദിനത്തില്‍ കെപിസിസി സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കാനുള്ള തീരുമാനം രാജ്യത്തെ വിഘടിപ്പിക്കുന്നതിന് വേണ്ടിയാണ്. വിഘടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ അവരുടെ ചതിക്കുഴിയില്‍ വീഴാന്‍ രാജ്യത്തെ പ്രതിപക്ഷം തയ്യാറല്ല. 2024ലെ തിരഞ്ഞെടുപ്പില്‍ മോദിസര്‍ക്കാരിനെ വലിച്ച് താഴെയിടുക എന്ന ലക്ഷ്യത്തിലേക്കാണ് പ്രതിപക്ഷസഖ്യം നീങ്ങുന്നത്. കെ സി വേണുഗോപാല്‍ പറഞ്ഞു.
മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രാജ്യം ഭരിക്കുന്നസര്‍ക്കാര്‍ ശ്രമിക്കുന്നില്ല. നൂറുകണക്കിന് ജനങ്ങളെ പരസ്പരം കൊന്നൊടുക്കുമ്പോഴും അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആ വിഷയം സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. പകരം വിദ്വേഷത്തിന്റെ കനല്‍പാകാനാണ് അവര്‍ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം പോരടിക്കുന്നവരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രാഹുല്‍ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ അവിടുത്തെ ഭരണകൂടം രാഹുല്‍ഗാന്ധി അവിടെ പോകുന്നതിന് തടസ്സം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോയ രാഹുലിനെ ഇരുവിഭാഗത്തില്‍പ്പെട്ടവരും കാണാനും തങ്ങളുടെ ആവലാതികള്‍ പറയാനും കൂട്ടമായി എത്തുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമല്ല സ്നേഹത്തിന്റെ രാഷ്ട്രീയമായിരുന്നു അവര്‍ക്ക് വേണ്ടതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് മറിച്ചുനല്‍കിയെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഇന്ന് ഇന്ത്യയില്‍ ബിജെപിയെ രാജ്യത്താകമാനം എതിര്‍ക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും നേതാക്കളുടെയും ശരീരത്തില്‍ ചോരയുള്ള കാലത്തോളം ബിജെപിയുമായി ഒരു സന്ധിയുമുണ്ടാകില്ല. മോദിയെയും ബിജെപിയെയും പ്രീണിപ്പിക്കുന്ന, സന്ധിചെയ്യുന്ന സിപിഎമ്മാണ് തങ്ങളുടെ പരാജയഭീതി മറച്ച് വെക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പൊതുയോഗത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അദ്ധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, കെ.ജയന്ത്, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ അഡ്വ. സണ്ണിജോസഫ്, അഡ്വ. സജീവ് ജോസഫ്, എഐസിസി മെമ്പര്‍ വി എ നാരായണന്‍, യുഡിഎഫ് ചെയര്‍മാന്‍ പി ടി മാത്യു, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍, കെ സി മുഹമ്മദ് ഫൈസല്‍, ഷമാ മുഹമ്മദ്, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ചലിപ്പിച്ച യാത്ര: കെ സുധാകരന്‍
കണ്ണൂര്‍: ഭാരത് ജോഡോ യാത്രയെ പോലെ രാഷ്ട്രീയമായി ഇത്രയേറെ ചലനമുണ്ടാക്കിയ ഒരു യാത്ര രാജ്യത്തുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെ വാര്‍ഷികദിനത്തില്‍ കെ പി സി സി തീരുമാന പ്രകാരം നടത്തുന്ന പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സമാപനപൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത യാത്രയായിരുന്നു രാഹുലിന്റേത്. 136 ദിവസം 4081 കിലോ മീറ്റര്‍ 72 ജില്ലകള്‍ 76 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ എന്നിവ പിന്നിട്ടു. കടന്നുപോയ സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ ഒഴുക്കായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ കട തുറന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യം ഏറ്റെടുത്തതിന് തെളിവായിരുന്നു ആ ജനപങ്കാളിത്തമെന്നും സുധാകരന്‍ പറഞ്ഞു. നാനാജാതി മത ചിന്തകള്‍, സംസ്‌കാരങ്ങള്‍, വേഷവിധാനങ്ങള്‍ എല്ലാം വ്യത്യസ്ഥമായിരുന്നു ഇവരെ ഒരുനൂലില്‍ ചേര്‍ത്തിണക്കി എങ്ങിനെ സാധിക്കുമെന്ന ചിന്തകളായിരുന്നു മറ്റു രാജ്യങ്ങള്‍ക്ക് എന്നാല്‍ ആ ചിന്തക്ക് വിരാമിട്ടുകൊണ്ടാണ് മഹാത്മജിയുടെയും നെഹ്റുവിന്റെയും നേതൃത്വത്തിലുള്ളവര്‍ കാണിച്ച ആര്‍ജ്ജവം 72 വര്‍ഷക്കാലം ഇന്ത്യയെ ഒന്നാകെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ കാണുന്നത് പരസ്പരം പോരടിക്കുന്ന കാഴ്ചയാണ്. മണിപ്പൂരില്‍ വംശീയ കലാപം ഉയര്‍ന്ന് വന്നപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഇടപെടാതെ നോക്കിനിന്നപ്പോള്‍ രാഹുല്‍ഗാന്ധി ഒറ്റക്ക് മണിപ്പൂരിലെ കലാപഭൂമിയില്‍ ഇറങ്ങി ചെല്ലാനും അവിടുത്തെ ജനങ്ങളുമായി സംവദിക്കാനും രാഹുല്‍ഗാന്ധി കാണിച്ച ആര്‍ജ്ജവം ഒരളവ് വരെ കലാപത്തില്‍ അയവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.