കാത്തിരിപ്പിന് കടിഞ്ഞാൺ; പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി 9ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും
● സ്വന്തം ലേഖകൻ, കണ്ണാടിപ്പറമ്പ ഓൺലൈൻ.
കണ്ണൂർ: നാടൊന്നാകെ കണ്ണുംനട്ട് കാത്തിരിക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. കണ്ണൂരിലെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം 9ന് (ശനിയാഴ്ച) സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പരിപാടിയിൽ കെ സുധാകരൻ എം.പി, ഡോ. വി ശിവദാസൻ എം.പി, അഡ്വ. പി സന്തോഷ് കുമാർ എം.പി എന്നിവർ മുഖാതിഥികളായി പങ്കെടുക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി റഷീദ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് (പുല്ലൂപ്പി വെസ്റ്റ്) മെമ്പർ കെ.വി സൽമത്ത്, പന്ത്രണ്ടാം വാർഡ് (പുല്ലൂപ്പി ഈസ്റ്റ്) മെമ്പർ പി മിഹ്റാബി ടീച്ചർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബൈജു സി.പി.ഐ(എം), രജിത് പി നാറാത്ത് (കോൺഗ്രസ്), പി.വി അബ്ദുള്ള മാസ്റ്റർ (മുസ്‌ലിം ലീഗ്), പി രാമചന്ദ്രൻ (സി.പി.ഐ), കെ.എൻ മുകുന്ദൻ (ബി.ജെ.പി), യു.പി മുഹമ്മദ് കുഞ്ഞി (കോൺഗ്രസ് [എസ്]), കെ.ടി അബ്ദുൾ വഹാബ് (ഐ.എൻ.എൽ) എന്നിവർ പ്രസ്തുത ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ച നാറാത്ത് പഞ്ചായത്ത് പരിധിയിലെ സുപ്രധാന കേന്ദ്രമായ പുല്ലൂപ്പിക്കടവിന് സർക്കാർ ആകെ 4,01,50,000 രൂപയാണ് അനുവദിച്ചത്. കണ്ടൽകാടുകളാലും പച്ചതുരുത്തുകളാലും സമൃദ്ധമായ പുല്ലൂപ്പിക്കടവ്, ദേശാടന പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളാലും മത്സ്യസമ്പത്തിനാലും വേറിട്ടു നിൽക്കുന്ന മേഖല കൂടിയാണ്. ഇതിനാൽ ദൈനംദിനം ഒട്ടേറെ ജനങ്ങളാണ് പാലത്തിന് ഇരുവശവും തടിച്ചുകൂടുന്നത്. തൊട്ടടുത്തുള്ള അഗസ്ത്യ മുനി ക്ഷേത്രവും സഞ്ചാരികൾക്ക് നയനമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന പച്ചപ്പും സദാസമയവുമുള്ള ശാന്തമായ കാറ്റും പുല്ലൂപ്പിക്കടവിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വരെ ആളുകൾ എത്താറുണ്ട്. പദ്ധതി പ്രദേശത്തെ മുഴുവൻ വിഭവശേഷിയും ഉൾപ്പെടുത്തിയുള്ള അത്യാധുനികമായ ഒരു ടൂറിസം പദ്ധതിക്കാണ് പുല്ലൂപ്പിക്കടവ് സാക്ഷിയാവുന്നത്.
‘പുല്ലൂപ്പിക്കടവ് പ്രാെമനേഡ് റിവർ ഫ്രണ്ട് ആൻഡ് ഓഫ്ഷോർ ഡെവലപ്‌മെന്റ് അറ്റ് പുല്ലൂപ്പിക്കടവ്’ എന്ന പേരിലാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി. വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി വഴി പുല്ലൂപ്പിയിലൂടെ കടന്നുപോകുന്ന പുഴയുടെയും പുഴയോരത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനുള്ള അടിസ്ഥാനസൗകര്യം ഇവിടെ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. നാറാത്ത് പഞ്ചായത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാണ് പ്രസ്തുത പദ്ധതി. പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ ഇവിടെ നടപ്പാതയും ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്.
കണ്ണാടിപ്പറമ്പിനെ കക്കാട് – കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലത്തിലും അനുബന്ധ റോഡിലുമൊക്കെയായി പ്രഭാതസവാരിക്കും കാഴ്ചകൾ കാണാനും നിരവധിപേരാണ് ദൈനംദിനം ഉദ്ഘാടനത്തിനു മുമ്പും എത്തിച്ചേരുന്നത്. പാലത്തിനും പുഴയോരങ്ങളിലും ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോടുകൂടിയ വിളക്കുകാലുകൾ, ജലകായികവിനോദം, പാർക്ക്, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, സൈക്ലിങ് പാത, കഫ്‌റ്റീരിയ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതിയുടെ സ്വപ്ന സാക്ഷാത്കരണത്തിനായി പ്രാരംഭ നടപടികൾ മുതൽ പ്രയത്നിച്ചുകൊണ്ടിരുന്ന നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ പങ്ക് ചെറുതല്ല. പ്രസ്തുത പദ്ധതിയുടെ ആശയം മനസ്സിൽ വന്നപ്പോൾ അദ്ദേഹം മണ്ഡലം എം.എൽ.എ കെ.വി സുമേഷുമായി പങ്കുവെച്ചു. പദ്ധതിയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കിയ എം.എൽ.എ, അതിനായി നിരന്തരം പരിശ്രമം നടത്തുകയും വിഷയം സഭയിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സമയോചിത ഇടപെടൽ കാര്യം വേഗത്തിലാക്കി. പദ്ധതിയുടെ ഡി.പി.ആർ പലതവണ മാറ്റി ഇപ്പോഴത്തെ രീതിയിൽ പുല്ലൂപ്പിക്കടവിന്റെ സൗന്ദര്യത്തെ മൊത്തമായി ഉൾപ്പെടുത്തിയ ആസൂത്രണ സമിതി, പഞ്ചായത്ത് ഭരണസമിതി, മെമ്പർമാർ, ജീവനക്കാർ, വിവിധ രാഷ്ട്രീയ-ബഹുജന സംഘടനകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവരുടെ ഒറ്റക്കെട്ടായ പിന്തുണയും പരിശ്രമവും കാര്യങ്ങൾ കൂടുതൽ സുഗമമാക്കി.