Home KANNUR പികെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം
KANNUR - September 4, 2023

പികെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം

കണ്ണൂർ:
വാട്സ് ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കണ്ണൂർ റൂറൽ എസ് പി ക്ക് പരാതി നൽകിയതായും പ്രസ്താവനയിൽ അറിയിച്ചു. തിരുവോണത്തിന് എൻ്റെ വീട്ടിൽ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാൻ പറഞ്ഞതായാണ് എൻ്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തിൽ പോർക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പർധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ മതസ്പർധ വളർത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാൻ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യു പി പോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ പടർത്തുന്നത്. പശുക്കടത്തിൻ്റെ പേരിൽ ആളുകളെ കൊല്ലുന്നു. ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നേരെ സംഘടിത അക്രമം നടക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താൽപര്യമാണ്.
അങ്ങനെയിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. അതിൻ്റെ തുടർച്ചയാണ് ഞാൻ പറയാത്ത കാര്യങ്ങൾ ഇങ്ങനെ ബോധപൂർവം പ്രചരിപ്പിക്കുന്നത്.
മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നതോടൊപ്പം എന്നെ വ്യക്തിപരമായി താറടിച്ച് കാട്ടാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആയതിനാൽ ഇതേക്കുറിച്ച് അന്വേഷിച്ച് വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും ശ്രീമതി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും