ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പിൽ സ്‌കൂൾതല ക്യാംപ് സംഘടിപ്പിച്ചു
കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ സ്കൂൾതല ക്യാംപ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്‌സ് 2022-25 ബാച്ചിന്റെ ഏകദിന സ്കൂൾതല ക്യാംപിന്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് രമ ടീച്ചറുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ടി.ഒ മുരളീധരൻ മാസ്റ്റർ നിർവ്വഹിച്ചു. ആദ്യ ബാച്ചിന്റെ ക്യാംപ് ഇന്നലെയും (സെപ്റ്റംബർ 1) രണ്ടാം ബാച്ചിന്റെ ക്യാംപ് ഇന്നുമായി (സെപ്റ്റംബർ 2) കൈറ്റ്സ് മാസ്റ്റർ ട്രെയിനർ സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓണാഘോഷത്തെ അടിസ്ഥാനമാക്കിയുള്ള സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംപോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ, ആനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ഗിഫ് ഫയലുകൾ, പ്രോമോ വീഡിയോകൾ, സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം എന്നിവയുടെ നിർമ്മാണം കുട്ടികൾക്ക് പുത്തൻ അനുഭവമായി മാറി. അധ്യാപികമാരായ താര, ബിന്ദു, സുദർശന, ജിഷ എന്നിവരുടെ നേതൃത്വം രണ്ടു ദിവസവും ക്യാംപിൽ ഉണ്ടായിരുന്നു.