ബാറിൽ അടി പിടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണ് കാലൊടിഞ്ഞു.
ചക്കരക്കൽ: ബാറിൽ മദ്യപിക്കുന്നതിനിടെ സമയ ക്രമത്തെ ചൊല്ലി മദ്യപിക്കാനെത്തിയ യുവാക്കളും ജീവനക്കാരും ഏറ്റുമുട്ടി. ബാറിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെസമീപത്തെ കെട്ടിട പറമ്പിലെ കിണറ്റിൽ വീണ് യുവാവിന്റെ കാലൊടിഞ്ഞു. മുഴപ്പാല സ്വദേശി മിഥിലാജ് (29) ആണ് കിണറ്റിൽ വീണത്. ഇന്നലെ രാത്രി 11.30 മണിയോടെ ചക്കരക്കൽ ഗോഡ് വിൻ ബാറിലാണ് സംഭവം. രാത്രി വൈകി മദ്യപിക്കുന്നതിനിടെ ബാർ അടക്കാനുള്ള സമയത്തെ ചൊല്ലിയാണ് യുവാക്കളുമായി ബാർ ജീവനക്കാർ വാക്കേറ്റമായ ത്.മുഴപ്പാലയിലെ അർജുൻ, ആദർശ്, മിഥിലാജ് എന്നിവരാണ് ബാർ ജീവനക്കാരുമായി വാക്തർക്കവും കയ്യാങ്കളിയുമായത്. ഇതിനിടെ ബാർ മാനേജർ ചക്കരക്കൽ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് മിഥിലാജ് സമീപത്തെ മതിൽ ചാടിയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണത്. കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. കാലൊടിഞ്ഞ ഇയാളെ ഫയർഫോഴ്സ് സംഘം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാർ ജീവനക്കാർ ചക്കരക്കൽ പോലീസിൽ പരാതി നൽകി.