ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; നടുക്കുന്ന കാഴ്ച ആദ്യം കണ്ടത് മക്കൾ
കൊല്ലം: ഓച്ചിറയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ മഠത്തില്‍ കാരായ്മക്കിടങ്ങ് വീട്ടില്‍ ഉദയന്‍(45) ഭാര്യ സുധ(40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ബുധനാഴ്ച രാവിലെ മക്കളാണ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഓച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)