കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു
തളിപ്പറമ്പ്. രോഗബാധയെ തുടർന്ന് മനോവിഷമത്തിൽ
തിരുവോണ നാളിൽ കിണറ്റിൽ ചാടിയ വയോധികയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷിച്ചു. പരിയാരം
വായാട് ഇല്ലം മൂലയിൽ കിണറ്റിൽ വീണ പി.വി. രോഹിണിയെ (64) യാണ് തളിപ്പറമ്പിൽ നിന്നുമെത്തിയ അഗ്നി രക്ഷാസേന രക്ഷിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.
കിണറ്റിൽ വീണ വയോധികയെ വിവരമറിഞ്ഞ് സ്ഥലത്തെത്തി കിണറ്റിലിറങ്ങിയ അയൽവാസി
വെള്ളത്തിൽ താഴ്ന്ന് പോകാതെ ഫയർഫോഴ്സ് സംഘം എത്തുംവരെ പിടിച്ചു നിർത്തുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന റെസ്ക്യൂ നെറ്റിൽ കയറ്റി പുറത്തെത്തിച്ച ശേഷം സ്വകാര്യ വാഹനത്തിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വയോധിക പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അയൽവാസിയുടെ മനോധൈര്യം കൊണ്ടു മാത്രമാണ്. വയോധിക കുറച്ചു നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.