തിരുവോണത്തിരക്കിലലിഞ്ഞ് കണ്ണാടിപ്പറമ്പ് നഗരം; പൂ വിൽപനയും തകൃതി
കണ്ണാടിപ്പറമ്പ: ഇന്ന് ഉത്രാടം, തിരുവോണത്തെ വരവേൽക്കാൻ നാടാകെ ഒരുങ്ങി. കണ്ണാടിപ്പറമ്പ് നഗരത്തിൽ വലിയ ജനബാഹുല്യമാണ് രാത്രി വൈകിയും കാണാൻ കഴിയുന്നത്. തെരുവ് ഒന്നാകെ വാഹനഗതാഗതങ്ങളാൽ വീർപ്പുമുട്ടി. കുറച്ചു ദിവസങ്ങളായി തെരുവും വ്യാപാരസ്ഥാപനങ്ങളും ജനങ്ങളാൽ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഓണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ഇന്നത്തെ ഉത്രാടപ്പാച്ചിലിൽ പൂർത്തിയായി. ഓണക്കോടികൾക്കും വിഭവസമൃദ്ധമായ സദ്യയ്ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾക്കുമായി അവസാനവട്ട ഓട്ടത്തിലാണ് ജനങ്ങൾ.
ഇന്നു രാവിലെ മുതൽ തന്നെ വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവട സ്ഥലങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. നാട്ടിൻപുറങ്ങളിൽ പൂക്കൾ കുറഞ്ഞതോടെ പൂവിപണികളും ജനനിബിഡമായി. പഴം, പച്ചക്കറി, പൂക്കൾ ഉൾപ്പെടെ അന്യസംസ്ഥാനത്ത് നിന്ന് ഇറക്കി റോഡിന് ഇരുവശവും കച്ചവടക്കാർ ഇടംപിടിച്ചു.