കാണം വിറ്റാലും ഓണമുണ്ണാനാവാത്ത അവസ്ഥയെന്ന് എ സി ജലാലുദ്ദീന്‍
പുതിയതെരു: കാണം വിറ്റും ഓണമുണ്ണണമെന്നാണ് പഴമക്കാര്‍ പറയുന്നതെങ്കിലും ഇന്ന് കാണം വിറ്റാലും ഓണമുണ്ണാനാവാത്ത അവസ്ഥയാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍. ‘രൂക്ഷമായ വിലക്കയറ്റം: വിപണിയില്‍ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ’ എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ പ്രതിഷേധ ഓണസദ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിക്കടിയുണ്ടാവുന്ന വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഓണക്കാലത്ത് പോലും വിലക്കയറ്റം നിയന്ത്രിക്കാനോ വിപണിയില്‍ ഇടപെടാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം ജിഎസ്ടിയുടെയും മറ്റും പേരുപറഞ്ഞ് വന്‍തോതില്‍ നികുതിക്കൊള്ള നടത്തുന്ന കേന്ദ്രഭരണകൂടവും ഇതില്‍ കൂട്ടുപ്രതികളാണ്. പൗരന്‍മാരുടെ കൈയില്‍നിന്ന് പലവിധത്തിലുള്ള നികുതികള്‍ തട്ടിയെടുക്കുമ്പോഴും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെടുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞ് സാധാരണക്കാരോട് മുണ്ട് മുറുക്കിയുടുക്കാനാണ് ധനമന്ത്രി വരെ പറയുന്നത്. അതേസമയം തന്നെ മന്ത്രിമാരുടെ ധൂര്‍ത്തിനോ മറ്റോ ഇതൊന്നും ബാധകമാവുന്നില്ല എന്നത് വിരോധാഭാസമാണ്. ജനകീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനു പകരം പ്രതിപക്ഷമാകട്ടെ വിവാദവിഷയങ്ങളില്‍ മാത്രം പ്രതികരിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കലാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നു കരുതി പൊറാട്ട് നാടകം കളിക്കുകയാണെന്നും എ സി ജലാലുദ്ദീന്‍ പറഞ്ഞു. എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി റഹീം, സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഹനീഫ നാറാത്ത്, മണ്ഡലം
ജോയിന്റ് സെക്രട്ടറി ഇസ്‌മായിൽ പൂതപ്പാറ, മണ്ഡലം കമ്മിറ്റി അംഗം നവാസ് കാട്ടാമ്പള്ളി, SDPI ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി റിഷാദ് കെ.വി തുടങ്ങിയവർ നേതൃത്വം നൽകി.